സീറോ മലബാര്‍ സഭ റീജണല്‍ കലോത്സവം: പീറ്റര്‍ബറോ ചാമ്പ്യന്മാര്‍
Friday, October 5, 2018 4:56 PM IST
കേംബ്രിഡ്ജ്: ബ്രിസ്റ്റോളില്‍ നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബൈബിള്‍ കലോത്സവത്തിന് മുന്നോടിയായി നടന്ന കേംബ്രിഡ്ജ് റീജണല്‍ മത്സരത്തില്‍ പീറ്റർ ബറോ ചാന്പ്യന്മാരായി.

കേംബ്രിഡ്ജ്, പാപ്വേര്‍ത്ത്, ഹണ്ടിംഗ്ടണ്‍, ഹാവെര്‍ഹില്‍, പീറ്റര്‍ബറോ, നോര്‍വിച്ച്, ഇപ്‌സ് വിച്ച്, കിംഗ്സ് ലൈന്‍, കോള്‍ചെസ്റ്റര്‍, ഗോള്‍സ്റ്റണ്‍, ബറി സെന്‍റ് എഡ്മണ്ട്‌സ്, ബെഡ്‌ഫോര്‍ഡ്, കോച്ച് ഓണ്‍സീ എന്നീ 13 പാരിഷുകളില്‍ നിന്നുള്ള മത്സരാര്‍ഥികൾ കലോത്സവത്തില്‍ പങ്കെടുത്തപ്പോൾ 162 പോയിന്‍റുകള്‍ നേടി പീറ്റര്‍ബറോ ഓവറോള്‍ ചാമ്പ്യന്മാരായി. 136 പോയിന്‍റുകള്‍ നേടി കേംബ്രിഡ്ജ് ഫസ്റ്റ് റണ്ണറപ്പും 86 പോയിന്‍റുകളുമായി ഇപ്‌സ് വിച്ച് സെക്കൻഡ് റണ്ണറപ്പുമായി.

കോംബെര്‍ട്ടന്‍ വില്ലേജ് കോളജിൽ നടന്ന മത്സരം നാല് സ്റ്റേജുകളിലായി നൃത്തവും പാട്ടും പ്രസംഗവും ഒക്കെയായി വൈവിധ്യമായ കലാരൂപമാണ് മണിക്കൂറുകളോളം വേദികളില്‍ നിറഞ്ഞാടിയത്.

ബൈബിള്‍ വായനയും മോണോആക്ടും ടാബ്ലോയും സ്‌കിറ്റുകളും മാര്‍ഗം കളിയും കളര്‍ പെയിന്റിംഗും പെന്‍സില്‍ സ്‌കെച്ചിങ്ങും ഉപന്യാസ മത്സരവും ഒക്കെയായി കേംബ്രിഡ്ജിലെ ബൈബിള്‍ കലോത്സവം ഒരു സ്‌കൂള്‍ യുവജനോത്സവത്തിന്‍റെ പ്രതീതി സൃഷ്ടിച്ചു.

കുറഞ്ഞ ചെലവില്‍ രുചികരമായ മികച്ച ഭക്ഷണമാണ് കലോത്സവ വേദിയില്‍ തയാറാക്കിയത്. രാവിലെ മുതല്‍ വൈകിട്ടു വരെ ഭക്ഷണം എല്ലാവര്‍ക്കും ലഭ്യമാക്കിയിരുന്നു. കോംബെര്‍ട്ടന്‍ വില്ലേജ് കോളജില്‍ ആയിരുന്നതിനാല്‍ മികച്ച പാര്‍ക്കിംഗ് സൗകര്യവും ഉണ്ടായിരുന്നു.

ഫാ. ഫിലിപ്പ് ജെ പന്തമാക്കലും ഫാ. തോമസ് പറക്കണ്ടത്തിലും ചീഫ് കോര്‍ഡിനേറ്റര്‍മാരായിരുന്ന കലോത്സവത്തിന്‍റെ ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് പൈലി ആയിരുന്നു. സന്തോഷ് മാത്തന്‍, അഡ്വ. ജോസഫ് ചാക്കോ, അജുമോന്‍ ജോര്‍ജ്ജ് എന്നിവരായിരുന്നു ജോയന്റ് കണ്‍വീനര്‍മാര്‍. സ്റ്റാന്‍ലി തോമസ്, പ്രശാന്ത് ജോസഫ് എന്നിവര്‍ ഓഫീസ് കാര്യങ്ങൾ നിര്‍വഹിച്ചു.

ഒക്ടോബർ 13ന് നടക്കുന്ന പ്രസ്റ്റണ്‍ റീജൺ കലോത്സവത്തോടെ റീജണല്‍ തല മത്സരങ്ങള്‍ സമാപിക്കും.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ