ബാലഭാസ്‌ക്കർക്ക് പ്രണാമം അർപ്പിച്ച് യുക്മ; ദേശീയ കലാമേള "ബാലഭാസ്‌ക്കർ നഗറി'ൽ
Thursday, October 11, 2018 8:29 PM IST
ലണ്ടൻ: അന്തരിച്ച യുവ സംഗീത പ്രതിഭ ബാലഭാസ്ക്കരുടെ ദീപ്ത സ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് 2018 യുക്മ ദേശീയ കലാമേള നഗരിക്ക് "ബാലഭാസ്‌ക്കർ നഗർ' എന്ന് യുക്മ ദേശീയ കമ്മിറ്റി നാമകരണം ചെയ്തു.

മുൻ വർഷങ്ങളിലേതുപോലെതന്നെ യു കെ മലയാളി പൊതു സമൂഹത്തിൽ നിന്നും ലഭിക്കുന്ന നാമനിർദ്ദേശങ്ങളിൽനിന്നും കലാമേള നഗറിന് പേര് തെരഞ്ഞെടുക്കുന്ന രീതിയാണ് ഇത്തവണയും യുക്മ ദേശീയ കമ്മിറ്റി സ്വീകരിച്ചത്. അഞ്ചോളം പേരുകളാണ് ഇത്തരത്തിൽ ലഭിച്ചത്. അതിൽനിന്നും ഒരു പേര് തെരഞ്ഞെടുക്കാനുള്ള ശ്രമത്തിനിടയിലാണ് ബാലഭാസ്‌ക്കറുടെ ആകസ്മികമായ വേർപാട് ഉണ്ടായത്. ബാലഭാസ്‌ക്കറുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ പേരിൽ യുക്മ ദേശീയ കലാമേള നഗർ അറിയപ്പെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നൂറോളം സന്ദേശങ്ങളാണ് യുക്മ സ്നേഹികളിൽനിന്നും യു കെ മലയാളി പൊതുസമൂഹത്തിൽനിന്നും യുക്മ ദേശീയ കമ്മിറ്റിക്ക് ലഭിച്ചത്. രണ്ടാമതൊന്നാലോചിക്കാതെ, ബാലഭാസ്‌ക്കറെന്ന വയലിൻ മാന്ത്രികന്‍റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്, 2018 ദേശീയ കലാമേള നഗറിന് "ബാലഭാസ്‌ക്കർ നഗർ" എന്ന് യുക്മ ദേശീയകമ്മറ്റി ഐകകണ്ഠേനെ നാമകരണം ചെയ്തു.

സൗത്ത് യോർക്‌ഷെയറിലെ ഷെഫീൽഡിൽ ആണ് ഒന്പതാമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. ഒക്റ്റോബർ 27 ന് (ശനി) പെനിസ്റ്റൺ ഗ്രാമർ സ്കൂളിലെ "ബാലഭാസ്‌ക്കർ നഗറി"ൽ നടക്കുന്ന ദേശീയ മേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ്, സെക്രട്ടറി റോജിമോൻ വർഗീസ്, ട്രഷറർ അലക്സ് വർഗീസ്, ദേശീയ കലാമേള കൺവീനർ ഓസ്റ്റിൻ അഗസ്റ്റിൻ എന്നിവർ അറിയിച്ചു. യുക്മ യോർക്‌ഷെയർ ആൻഡ് ഹംബർ റീജണിന്‍റേയും ഷെഫീൽഡ് കേരളാ കൾച്ചറൽ അസോസിയേഷന്‍റേയും സംയുക്താഭിമുഖ്യത്തിലാണ് ദേശീയ കലാമേള സംഘടിപ്പിക്കപ്പെടുന്നത്.

വിലാസം : പെനിസ്റ്റൺ ഗ്രാമർ സ്കൂൾ, ഹഡർസ്‌ഫീൽഡ് റോഡ് , പെനിസ്റ്റൺ, ഷെഫീൽഡ് - S36 7BX .

റിപ്പോർട്ട്: സജീഷ് ടോം