ഗർഷോം പുരസ്‌കാരങ്ങൾ സമ്മാനിച്ചു
Saturday, October 13, 2018 5:11 PM IST
ടോക്കിയോ: പതിമൂന്നാമത് ഗർഷോം അന്തർദേശീയ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ടോക്കിയോയിൽ നടന്ന ചടങ്ങിൽ ജപ്പാൻ പാർലമെന്‍റ് അംഗം നഖമുര റികാക്കോ എംപി സമ്മാനിച്ചു.

പി.കെ. അബ്ദുള്ള കോയ (അബുദാബി ), ജോ മാത്യൂസ് (അമേരിക്ക), പ്രഫ. ഡോ. ശക്തികുമാർ (ജപ്പാൻ), അബ്ദുൽ ലത്തീഫ് (സൗദി അറേബ്യ), ഡോ. സോണി സെബാസ്റ്റ്യൻ (കുവൈത്ത്), സുനീഷ് പാറയ്ക്കൽ (ജപ്പാൻ), സ്റ്റീഫൻ അനത്താസ് (സിംഗപുർ), അനിൽ രാജ് മങ്ങാട്ട് (ജപ്പാൻ), ഇഗ്‌നേഷ്യസ് സെബാസ്റ്റ്യൻ (മലേഷ്യ), പോൾ പുത്തൻപുരയ്ക്കൽ (ഫിലിപ്പീൻസ്) എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

2018 ലെ മികച്ച പ്രവാസി മലയാളി സംഘടനയായ നോർവേയിലെ നോർവീജിയൻ മലയാളി അസോസിയേഷനുവേണ്ടി പ്രസിഡന്‍റ് ബിന്ദു സാറ വർഗീസ് പുരസ്‌കാരം ഏറ്റുവാങ്ങി.

ശനിയാഴ്ച രാവിലെ 11 നു ടോക്കിയോ ബേ ടോക്കിയോ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി സാംസ്‌കാരിക വിഭാഗം ഡയറക്ടർ സിദ്ധാർഥ് സിംഗ്, ഓസ്ട്രേലിയയിലെ പ്രഥമ മലയാളി ജനപ്രതിനിധി ടോം ജോസഫ്, സാകെ ചോയിലെ മുൻ എംഎൽഎ ഷിഗെക്കി സോമയ്യ, ഒസാക്കയിലെ ടൈറ്റമാ പ്രസിഡന്‍റ് ടാഡാഷി അവാസൂ, യമഹാച്ചി കെമിക്കൽ കമ്പനി സ്ഥാപകൻ ടെറ്റ് സുയുകി, അവാർഡ് ജൂറി ചെയർമാൻ ജോസഫ് സ്കറിയ ജൂണിയർ (ഫിലിപ്പീൻസ്), ജോളി തടത്തിൽ ജർമനി, ജപ്പാനിലെ മലയാളി സംഘടനയായ നിഹോൺ കൈരളി സ്ഥാപകാംഗം സുരേഷ് ലാൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഗർഷോം ഫൗണ്ടേഷൻ പ്രസിഡന്‍റ് ജിൻസ് പോൾ, എക്സിക്യൂട്ടീവ് ഡയറക്ടർ ജെയ്‌ജോ ജോസഫ്, ശ്രീകുമാർ ബി.എ., ജോളി ജോസഫ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

കേരളത്തിന് പുറത്തു സ്വപ്രയത്നം കൊണ്ട് ജീവിതവിജയം നേടി മലയാളിയുടെ യെശസ്‌ ഉയർത്തിയ മലയാളികളെ ആദരിക്കുവാൻ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗർഷോം 2002 മുതലാണ് പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയത്.

റിപ്പോർട്ട്: ജിൻസ് പോൾ