പൂജ അവധി: കേരള ആർടിസിക്ക് 43 സ്പെഷൽ ബസുകൾ, സ്പെഷൽ ട്രെയിൻ 16 ന്
Saturday, October 13, 2018 9:04 PM IST
ബംഗളൂരു: പൂജ അവധിയോടനുബന്ധിച്ച് കേരള ആർടിസി ബംഗളൂരുവിൽ നിന്ന് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് 43 സ്പെഷൽ സർവീസുകൾ നടത്തും. 16 മുതൽ 21 വരെ തീയതികളിലായാണ് സ്പെഷൽ സർവീസുകൾ. ഇവയിലേക്കുള്ള ബുക്കിംഗ് പുരോഗമിക്കുകയാണ്. അതേസമയം മൈസൂരുവിൽ നിന്ന് സ്പെഷൽ ബസുകളൊന്നും തന്നെ കേരള ആർടിസി പ്രഖ്യാപിച്ചിട്ടില്ല.

പൂജ അവധിക്ക് കർണാടക ആർടിസി ഇതുവരെ 34 സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 17 മുതൽ 20 വരെ തീയതികളിലാണ് സ്പെഷൽ ബസുകൾ സർവീസ് നടത്തുന്നത്. ബംഗളൂരുവിൽ നിന്ന് എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, വടകര, മാഹി, കുമളി, തേക്കടി എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ സർവീസുകൾ. ഇവ കൂടാതെ മൈസൂരുവിൽ നിന്ന് എറണാകുളത്തേക്ക് 10 സർവീസുകളും നടത്തുന്നുണ്ട്. ഈ ബസുകളിൽ റിസർവേഷൻ പുരോഗമിക്കുകയാണ്. അവധിക്കു ശേഷം തിരികെ ബംഗളൂരുവിലേക്കും മൈസൂരുവിലേക്കും സ്പെഷൽ സർവീസുകൾ നടത്തും. അതേസമയം, കേരളത്തിലേക്കുള്ള ടിക്കറ്റും മടക്കടിക്കറ്റും ഒന്നിച്ചു ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം നിരക്കിളവും കർണാടക ആർടിസി ഏർപ്പെടുത്തിയിട്ടുണ്ട്.

ഇത്തവണ മഹാനവമി വ്യാഴാഴ്ച ആയതിനാൽ അടുപ്പിച്ചു നാലു ദിവസം അവധി കിട്ടുമെന്നതിനാൽ നിരവധിപ്പേരാണ് ഇത്തവണ പൂജ അവധിക്ക് നാട്ടിൽ പോകാനിരിക്കുന്നത്. പൂജ അവധിക്ക് നാട്ടിലേക്കുള്ള ട്രെയിനുകളിലും ഇരുആർടിസികളുടെയും പതിവ് ബസുകളിലും ടിക്കറ്റുകൾ പൂർത്തിയായിരുന്നു. തിരക്ക് മുതലെടുക്കാൻ സ്വകാര്യബസുകൾ നിരക്ക് കുത്തനെ ഉയർത്തിയ സാഹചര്യത്തിൽ സ്പെഷൽ ബസുകളാണ് മലയാളികൾക്ക് ആശ്രയം.

പൂജ അവധിക്ക് കേരളത്തിലേക്കുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് റെയിൽവേ സ്പെഷൽ ട്രെയിൻ അനുവദിച്ചിരുന്നു. ഇതിന്‍റെ ആദ്യ സർവീസ് 16ന് നടക്കും. 06547/06548 നമ്പർ യശ്വന്തപുര- എറണാകുളം പ്രതിവാര തത്കാൽ എക്സ്പ്രസ് നവംബർ 13 വരെ എല്ലാ ചൊവ്വാഴ്ചകളിലും സർവീസ് നടത്തും. രാത്രി 10.45ന് യശ്വന്തപുരയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ കെആർ പുരം, ബംഗാരപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ എന്നീ സ്റ്റേഷനുകൾ പിന്നിട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 12.45ന് എറണാകുളത്തെത്തും.