ബർമിംഗ്ഹാമിൽ "കുട്ടികളുടെ വർഷം സമാപനം' ഡിസംബർ ഒന്നിന്, മാർ ആലഞ്ചേരി മുഖ്യാതിഥി
Saturday, October 20, 2018 5:04 PM IST
പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ആവിഷ്കരിച്ച പഞ്ചവത്സര അജപാലന പദ്ധതിയിലെ ആദ്യവർഷമായി ആചരിച്ചുവരികയായിരുന്ന കുട്ടികളുടെ വർഷത്തിന്‍റെ ഔദ്യോഗിക സമാപനം ഡിസംബർ ഒന്നിനു ബർമിംഗ്ഹാമിലെ ബഥേൽ കൺവൻഷൻ സെന്‍ററിൽ നടക്കുമെന്നു രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.

എല്ലാ വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽ നിന്നുമുള്ള ഏഴു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളും മതാധ്യാപകരും പങ്കെടുക്കുന്ന ചടങ്ങുകളിൽ സീറോ മലബാർ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യാതിഥിയായി പങ്കെടുക്കും. കുട്ടികളുടെ വർഷത്തിന്‍റെ ഔദ്യോഗിക സമാപനത്തോടൊപ്പം, യുവജന വർഷത്തിന്‍റെ ഔപചാരിക ഉദ്ഘാടനവും മാർ ജോർജ് ആലഞ്ചേരി നിർവഹിക്കും.

വിദ്യാർഥികൾ നേതൃത്വം നൽകുന്ന ഗായക സംഘം വിശുദ്ധ കുർബാനയിൽ ഗാനങ്ങളാലപിക്കും. ഡേവിസ് വെൽസ്, ഒലാ സ്റ്റെയിൽ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും രൂപതാ ബൈബിൾ കലോത്സവ വിജയികളുടെ കലാ പ്രകടനങ്ങളും നടക്കും.

അന്നേ ദിവസം വേദപാഠവും വിശുദ്ധ കുർബാനയും നടക്കുന്ന സ്ഥലങ്ങളിലെ തിരുക്കർമങ്ങൾ മാറ്റിവയ്ക്കാനും രൂപത ഒരുക്കുന്ന ഈ ദിവസത്തിൽ പങ്കുചേരാനും രൂപതാധ്യക്ഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

എല്ലാ വി. കുർബാന കേന്ദ്രങ്ങളിൽ നിന്നും സാധിക്കുന്നത്ര കുട്ടികളും വിശ്വാസ പരിശീലകരും മാതാപിതാക്കളും ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ അഭ്യർഥിച്ചു.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്