മാധ്യമ പ്രവർത്തകന്‍റെ കൊലപാതകം; സൗദി‌ സ്ഥിരീകരിച്ചു
Saturday, October 20, 2018 8:31 PM IST
ബർലിൻ: മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി തുർക്കിയിലെ ഇസ്താംബുളിലുള്ള സൗദി കോണ്‍സുലേറ്റിൽ കൊല്ലപ്പെട്ടതിന് സൗദി അറേബ്യയുടെ സ്ഥിരീകരണം. സംഭവവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി ഇന്‍റലിജൻസ് ചീഫ് അഹമ്മദ് അൽ അസീരി, കിരീടാവകാശ മുഹമ്മദ് ബിൻ സൽമാന്‍റെ മുതിർന്ന സ്റ്റാഫ് അംഗം സൗദ് അൽ ഖാതിനി എന്നിവരെ പിരിച്ചുവിട്ടതായും സൗദി സർക്കാർ അറിയിച്ചു.

ഒക്ടോബർ രണ്ടിന് തുർക്കിയിലെ സൗദി കോണ്‍സുലേറ്റിൽ പ്രവേശിച്ച ശേഷമാണ് 60 കാരനായ ഖഷോഗിയെ കാണാതായത്. കോണ്‍സുലേറ്റിൽവച്ച് ഖഷോഗി ക്രൂരമായി കൊല്ലപ്പെട്ടെന്നാണ് തുർക്കി അന്വേഷണോദ്യോഗസ്ഥർ പറയുന്നത്. കൊലക്കേസ് അന്വേഷണത്തിന്‍റെ ഭാഗമായി 18 സൗദി പൗരൻമാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതാദ്യമായാണ് ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി സ്ഥിരീകരണം നൽകുന്നത്.

തുർക്കിയിലെ സൗദി കോണ്‍സുലേറ്റിൽവെച്ചാണ് ഖഷോഗി കൊല്ലപ്പെടുന്നത്. അതുകൊണ്ടുതന്നെ തുർക്കിക്ക് ഇക്കാര്യത്തിൽ ഇടപെടാൻ പരിമതിയുണ്ട്. ആസൂത്രിത കൊലപാതകമെന്നാണ് തുർക്കിയുടെ ആരോപണം. ഇതിനിടെ കൊലപാതകം തെളിയിക്കുന്ന ഓഡിയോ ക്ളിപ്പ് തുർക്കിയുടെ കൈവശമുണ്ടെന്നു പറയുന്നുണ്ടെങ്കിലും ഇതുവരെ അതു പുറത്തു വിട്ടിട്ടില്ല. ഖഷോഗിയുടെ മരണം സ്ഥിരീകരിച്ചതോടെ ഇതിനെ ആദ്യം എതിർത്തിരുന്ന ട്രംപ് ഭരണകൂടം ഇപ്പോൾ സൗദിക്ക് അനുകൂലമായ നിലപാടിലാണെന്ന കാര്യവും ഏറെ പ്രസക്തമാണ്.

സൗദിയിലെ പ്രഗൽഭനായ മാധ്യമപ്രവർത്തകൾ എന്നു വിശേഷണമുള്ള ഖഷോഗി സോവ്യറ്റ് യൂണിയന്‍റെ നോട്ടപ്പുള്ളിയും അഫ്ഗാനിസ്ഥാനിൽ ഒസാമ ബിൻലാദൻ ദുരൂഹതകൾ ലോകത്തെ അറിയിച്ച വ്യക്തിയാണ്. അതുകൊണ്ട് തന്നെ സൗദി രാജകുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്നു ഖഷോഗിക്ക്. എന്നാൽ കിരീടാവകാശിയായി മുഹമ്മദ് ബിൽ സൽമാൻ ഭരണം ഏറ്റതോടെ ഖഷോഗി കൊട്ടാരത്തിൽ നിന്നും പുറത്തായി. പിന്നീട് അമേരിക്കയിൽ അഭയം തേടിയ ഖഷോഗി മാധ്യമപ്രവർത്തനം അമേരിക്കയിലാക്കി. ഇതിനിടെ തുർക്കിക്കാരിയായ ഹാത്തിസ് സെൻഗിസുമായി അടുപ്പത്തിലാവുകയും വിവാഹവും ചെയ്തത് പ്രശ്നങ്ങൾക്ക് കാരണമായി. ബഹുഭാര്യാത്വം വിലക്കിയിട്ടുള്ള തുർക്കിയിൽ താമസിക്കണമെന്ന മോഹവുമായി രാജ്യത്തെത്തിയ ഖഷോഗിക്ക് ആദ്യഭാര്യയിൽ നിന്ന് വിവാഹമോചനരേഖ ഹാജരാക്കാൻ ആവശ്യപ്പെട്ടു. സെപ്റ്റംബർ 28 ന് സൗദി കോണ്‍സുലേറ്റിലെത്തിയ അദ്ദേഹം മടങ്ങിയിരുന്നു. തുടർന്ന് ഒക്ടോബർ രണ്ടിനു വീണ്ടും കോണ്‍സുലേറ്റിലെത്തിയ അദ്ദേഹത്തെ പിന്നീടാരും കണ്ടിട്ടില്ല.

സംഭവത്തെതുടർന്നു രാജ്യത്തെ ഇന്‍റലിജൻസ് സർവീസുകൾ പുനഃസംഘടിപ്പിക്കാൻ മുഹമ്മദ് ബിൻ സൽമാന്‍റെ നേതൃത്വത്തിൽ മന്ത്രിതല സമിതി രൂപീകരിക്കാനും സൗദി രാജാവ് സൽമാൻ നിർദേശിച്ചു. തുർക്കി പ്രസിഡന്‍റ് റജീബ് തയ്യിബ് എർദോഗാനുമായി ടെലിഫോണിൽ ചർച്ച നടത്തിയ സൽമാൻ രാജാവ്, അന്വേഷണത്തിൽ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.

റിപ്പോർട്ട് ജോസ് കുന്പിളുവേലിൽ