ദൈവവചനം തള്ളിക്കളയുമ്പോൾ തകർച്ചകൾ ഉണ്ടാകുന്നു: ഫാ. സേവ്യർ ഖാൻ വട്ടായിൽ
Monday, October 22, 2018 8:13 PM IST
സ്കോട് ലൻഡ്: കർത്താവിന്‍റെ ദിവസമായ സാബത്തു ദിവസം വേണ്ടത്ര പ്രാധാന്യത്തോടെ ആചരിക്കാത്തതാണ് ജീവിതത്തിൽ പലപ്പോഴും വലിയ തകർച്ചയ്ക്ക് കാരണമാകുന്നതെന്ന് ഫാ. സേവ്യർഖാൻ വട്ടായിൽ. സ്കോട് ലാൻഡിലെ മദർ വെൽ സിവിക് സെന്‍ററിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത നേതൃത്വം നൽകുന്ന"രണ്ടാമത് അഭിഷേകാഗ്നി ഏകദിന കൺവൻഷന്‍റെ' രണ്ടാം ദിവസം വിശ്വാസികളുമായി വചനം പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.

കർത്താവിന്‍റെ ദിവസത്തിന് വേണ്ടത്ര പ്രാധാന്യം കൊടുത്തപ്പോൾ അനുഗ്രഹത്തിന്‍റെ ജീവിതത്തിലേക്ക് മടങ്ങിവന്ന വ്യക്തികളുടെ സാക്ഷ്യങ്ങൾ വിശ്വാസികളുടെ ആത്മീയ ബോധ്യങ്ങളെ ഉറപ്പിച്ചു- അദ്ദേഹം കൂട്ടിചേർത്തു.

വിശുദ്ധ കുർബാനയ്ക്കു മുന്പായി പ്രാർഥനയിലും നിശബ്ദതയിലും ബലിയർപ്പണത്തിനു ഒരുങ്ങേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് രൂപതാധ്യക്ഷൻ മാർ സ്രാമ്പിക്കൽ വിശ്വാസികളെ ഓർമിപ്പിച്ചു.

സ്കോട് ലാൻഡ് റീജണിലെ വിവിധ വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികൾ പുതിയ ആത്മീയ അനുഭവത്തിനു സാക്ഷികളായി. റീജണൽ ഡയറക്ടർ ഫാ. ജോസഫ് വേമ്പാടുംതറയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടന്നത്. റീജണിൽ ശുശ്രുഷ ചെയ്യുന്ന വൈദികരും തിരുക്കർമങ്ങളിൽ പങ്കെടുത്ത് സഹകാർമികത്വം വഹിച്ചു.

പ്രസ്റ്റൺ റീജണിലെ കൺവൻഷൻ 24 ന് (ബുധൻ) സെന്‍റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. രാവിലെ ഒന്പതു മുതൽ വൈകിട്ട് അഞ്ചു വരെയാണ് കൺവൻഷൻ. മാർ ജോസഫ് സ്രാമ്പിക്കൽ ദിവ്യ ബലിയിൽ മുഖ്യകാർമികത്വം വഹിച്ച് വചന സന്ദേശം പങ്കു വയ്ക്കും. പ്രസ്റ്റൺ റീജണിലെ വൈദികരും സന്യാസിനികളും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ. സോജി ഓലിക്കൽ തുടങ്ങിയവർ വചന ശുശ്രുഷ നയിക്കും. ദിവ്യകാരുണ്യ ആരാധനയോടെ തിരുക്കർമങ്ങൾ സമാപിക്കും.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്