എന്‍റെ കേരളം ഓസ്ട്രേലിയ ദുരിതാശ്വാസസഹായം വിതരണം ആരംഭിച്ചു
Tuesday, October 23, 2018 8:39 PM IST
മെൽബണ്‍: എന്‍റെ കേരളം ഓസ്ട്രേലിയായുടെ ആഭിമുഖ്യത്തിൽ സ്വരൂപിച്ച ദുരിതാശ്വാസ സഹായ ഫണ്ടിന്‍റെ ആദ്യഘട്ട വിതരണം പ്രശസ്ത സിനിമാതാരം ടോവിനോ തോമസ് കോഴിക്കോട്ട് നിർവഹിച്ചു.

പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ട വിപിൻകുമാറിന്‍റെ ഭാര്യ ശർമിള, വീട് നഷ്ടപ്പെട്ട രവി, മിനി ശിവൻ എന്നിവർക്ക് സഹായവിതരണം നടത്തിക്കൊണ്ടാണ് മലബാറിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്ന് അർഹരായ അന്പതോളം കുടുംബങ്ങളെ എന്‍റെ കേരളം അംഗങ്ങളുടെ നേതൃത്വത്തിൽ കണ്ടെത്തിക്കഴിഞ്ഞു. അവർക്കാവശ്യമായ സഹായം ഘട്ടങ്ങളായി എത്തിക്കുവാനുള്ള തീവ്രശ്രമത്തിലാണ് എന്‍റെ കേരളം ഓസ്ട്രേലിയ.

അർഹരായവർക്ക് നേരിട്ട് സഹായമെത്തിക്കുന്ന പദ്ധതിക്ക് വൻപിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വരും മാസങ്ങളിലും സഹായ വിതരണം തുടരും. എന്‍റെ കേരളം ഓസ്ട്രേലിയായുടെ ദുരിതാശ്വാസ ഫണ്ടുമായി സഹകരിക്കുന്ന എല്ലാവർക്കും ഭാരവാഹികൾ നന്ദി പറഞ്ഞു.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ