ബേബി ഫുഡിൽ വിഷം കലർത്തിയ ജർമൻകാരന് പന്ത്രണ്ടര വർഷം തടവ്
Tuesday, October 23, 2018 9:40 PM IST
ബർലിൻ: ബേബി ഫുഡിൽ വിഷം കലർത്തിയ 54 കാരനായ ജർമൻകാരന് പന്ത്രണ്ടര വർഷം തടവിനു റാവെൻസ്ബുർഗ് കോടതി വിധിച്ചു.

കഴിഞ്ഞ വർഷമാണ് സംഭവത്തിനാധാരം. ഫ്രീഡ്രിഷ്ഹാഫൻ ആസ്ഥാനമായുള്ള റീട്ടെയിൽ സൂപ്പർമാർക്കറ്റ് ശൃംഖലയിലെ ഷോപ്പുകളിൽ വില്പന നടത്തിയിരുന്ന ബേബി ഫുഡുകളിൽ വിഷം കലർത്തിയെന്നു ഭീഷണിപ്പെടുത്തി 10 മില്യൺ യൂറോ ആവശ്യപ്പെട്ടുവെന്നാണ് കേസ്.

ഇയാളുടെ നിരന്തര ഭീഷണിയിൽ അന്വേഷണം നടത്തുകയും സംഭവം ശരിയാണെന്നു തെളിയുകയും ചെയ്തിരുന്നു. ഉള്ളിൽ ചെന്നാൽ മരണം സംഭവിക്കാവുന്ന വിഷമായ എതിലിൻ ഗ്ലൈക്കോൾ ഭക്ഷണജാറുകളിൽ കുത്തിവച്ചതായി കണ്ടെത്തിയതിനെ തുടർന്ന് മാർക്കറ്റിൽ നിന്ന് ഇത്തരം ജാറുകൾ നീക്കം ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ആർക്കും മരണം സംഭവിച്ചിരുന്നില്ലെന്നും പ്രോസിക്യൂട്ടർമാർ കോടതിയെ ബോധിപ്പിച്ചു.കോടതി വിധിക്കെതിരെ പ്രതിക്ക് അപ്പീൽ നൽകാൻ ഒരാഴ്ച സമയം നൽകിയിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ