ഹ്രസ്വചിത്രം അറിഞ്ഞിട്ടും അറിയാതെ നവംബര്‍ 18 ന് പുറത്തിറങ്ങും
Sunday, November 4, 2018 4:13 PM IST
ഡാര്‍വിന്‍: നോര്‍ത്തേണ്‍ ടെറിട്ടറി മലയാളീ ക്രിയേഷന്‍സിന്റെ ബാനറില്‍ ടോമി ജേക്കബ് അണിയിച്ചോരുക്കുന്ന അറിഞ്ഞിട്ടും അറിയാതെ എന്ന ഹ്രസ്വ ചിത്രം നവംബര്‍ 18 നു പ്രേക്ഷകരിലെത്തും. ഡാര്‍വിനിലെ മലയാളി സമൂഹത്തിലെ നാല്‍പതോളം കലാകാരന്മാരുടെ കഴിഞ്ഞ ഒരു വര്‍ഷമായുള്ള തയാറെടുപ്പുകള്‍ക്ക് ശേഷമാണ് 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം യാഥാര്‍ഥ്യമാകുന്നത്. സംവിധാനവും, സ്‌ക്രിപ്ട് റൈറ്ററുമായി ദീപു ജോസും ടോമിയുടെ ഈ സ്വപ്നസാക്ഷാല്‍ക്കാരത്തിനു അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. റിലീസിങ്ങിനോടനുബന്ധിച്ച് പുറത്തിറക്കിയ ടീസറിന് ലഭിക്കുന്ന വന്‍പ്രതികരണം ചിത്രത്തിന്റെ റിലീസിംഗിനുള്ള ആകാംക്ഷ വര്‍ധിപ്പിക്കുകയാണ്.

രാജേഷ് നായര്‍ ആര്‍ട്ട് ഡയറക്ടറും ജിനോ കുര്യാക്കോസ് പ്രൊഡക്ഷന്‍ കണ്‍ട്രോളറും, സുരേഷ് പിള്ള, ജിനോ കുര്യാക്കോസ് എന്നിവര്‍ അസ്സോസിയേറ്റ് ഡയറക്ടറും, സജീഷ് വി.പോള്‍ സഹ സംവിധായകനുമായി അണിയറയില്‍ ചിത്രത്തിന്റെ പൂര്‍ത്തീകരണത്തിനായി സഹകരിച്ചിരുന്നു. ബിനു വര്‍ഗീസാണ് ചിത്രത്തിന്റെ ഗ്രാഫിക്. അജി പീറ്റര്‍, ഡെന്നിസ് മാത്യു, ബിജു ജോര്‍ജ്, ബെന്‍സി മീനില്‍,ജിഷ ഡെന്നിസ്, ജിനു സുലാല്‍, എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ മുപ്പതിലേറെപ്പേര്‍ ചെറിയ റോളുകളിലും പ്രത്യക്ഷപ്പെടുന്നു.

പേര് ഹ്രസ്വ ചിത്രമെന്നാണെങ്കിലും 40 മിനിട്ടോളമുള്ള ഒരു ചലച്ചിത്രം തന്നെയാണ് 'അറിഞ്ഞിട്ടും അറിയാതെ'. പ്രവാസത്തിന്റെ തിരക്കുകള്‍ക്കും, സമ്മര്‍ദങ്ങള്‍ക്കുമിടയിലും ഈ മുഴുനീള ചിത്രം യാഥാര്‍ഥ്യമാക്കുവാന്‍ ഡാര്‍വിനിലെ മുഴുവന്‍ മലയാളി സുഹൃത്തുക്കളും പ്രത്യക്ഷമായും, പരോക്ഷമായും തങ്ങള്‍ക്ക് സര്‍വവിധ പിന്തുണയും നല്‍കിയെന്ന് ടോമി ജേക്കബും, ദീപു ജോസും അറിയിച്ചു. നവംബര്‍ 18-നു ഞായറാഴ്ച വൈകിട്ട് ആറിനു ഡാര്‍വിന്‍ ഹാര്‍മണി ഹാളില്‍ (Harmony hall (Near Temple) 44 Patterson St, Malak, NT, 0810) നടക്കുന്ന പ്രദര്‍ശനോദ്ഘാടനച്ചടങ്ങിലേക്ക് മുഴുവന്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നതായും ടോമി ജേക്കബ് അറിയിച്ചു.
https://www.facebook.com/tomy.jacob.73/videos/10155813587348314/?t=3

റിപ്പോര്‍ട്ട്: കെ.പി.ഷിബു