മൈസൂർ ഫാഷൻ വീക്കിന് തുടക്കമായി
Monday, November 5, 2018 11:43 PM IST
മൈസൂരു: അഞ്ചാമത് മൈസൂർ ഫാഷൻ വീക്കിന് ദ വിൻഡ്ഫ്ളവർ റിസോർട്ടിൽ തുടക്കമായി. മൈസൂരുവിലെ പ്രമുഖ ഫാഷൻ ഡിസൈനറായ ജയന്തി ബള്ളാലാണ് ഫാഷൻ വീക്ക് സംഘടിപ്പിക്കുന്നത്. മൂന്നു ദിവസത്തെ പരിപാടി ഇന്ന് സമാപിക്കും.

നടി രാധിക ചേതൻ, ബിഗ് ബോസ് കന്നഡ മത്സരാർഥി നിവേദിത ഗൗഡ എന്നിവരാണ് ഇത്തവണ ജയന്തി ബള്ളാലിനു വേണ്ടി റാംപിലെത്തിയത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, നടി സ്വര ഭാസ്കർ, നുസ്രത്ത് ഭറൂച, പാരുൾ യാദവ്, ഇഹാന ധില്ലൻ, ഋതുപർണ സെൻഗുപ്ത, കിഷൻ ബിലാഗലി, രാഗിണി ദ്വിവേദി എന്നിവരും റാംപിലെത്തി. കൂടാതെ അർച്ചന കൊച്ചാർ, സ്വപ്നിൽ ഷിൻഡെ, കെൻ ഫേൺസ്, അർപ്പിത രൺദീപ്, അഷ്ഫാഖ്, കീർത്തി റാത്തോർ, ജയ മിശ്ര, ശ്രാവൺ കുമാർ തുടങ്ങി രാജ്യത്തെ പ്രമുഖ ഡിസൈനർമാരും മോഡലുകളും ഫാഷൻ വീക്കിന്‍റെ ഭാഗമാകുന്നുണ്ട്. മുംബൈ, ചെന്നൈ, ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള മോഡലുകളാണ് പങ്കെടുക്കുന്നത്.

മൈസൂർ ഫാഷൻ വീക്കിന്‍റെ നാലാം പതിപ്പിൽ ആസിഡ് ആക്രമണത്തിലെ ഇരയായ രേഷ്മ ഖുറേഷിയായിരുന്നു പ്രധാന ആകർഷണമെങ്കിൽ ഇത്തവണത്തെ താരം നേപ്പാളിൽ നിന്നുള്ള അഞ്ജലി ലാമ എന്ന ഭിന്നലിംഗക്കാരിയാണ്. അന്താരാഷ്ട്ര ഫാഷൻ വീക്കിൽ റാംപിൽ നടന്ന ആദ്യ ഭിന്നലിംഗക്കാരിയാണ് 32കാരിയായ അഞ്ജലി ലാമ.