പടക്കം പൊട്ടിച്ചോളൂ, എട്ടുമുതൽ പത്തുവരെ മാത്രം
Monday, November 5, 2018 11:46 PM IST
ബംഗളൂരു: ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് കർശന നിയന്ത്രണവുമായി സർക്കാർ. ഈമാസം അഞ്ചു മുതൽ എട്ടുവരെ ദിവസം രാത്രി എട്ടു മുതൽ പത്തു വരെ മാത്രമേ പടക്കം പൊട്ടിക്കാൻ പാടുള്ളൂ എന്ന് സർക്കാർ ഉത്തരവിട്ടു. ഈ സമയക്രമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പോലീസിനും മറ്റു വകുപ്പുകൾ‌ക്കും നിർദേശം നല്കിയിട്ടുണ്ട്. പടക്കം പൊട്ടിക്കൽ നിരീക്ഷിക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനും നിർദേശം നല്കി. മതിയായ ലൈസൻസ് ഉള്ളവർ മാത്രമേ പടക്കങ്ങൾ വിൽക്കാൻ പാടുള്ളൂ എന്നും അതും സർക്കാർ മാർഗനിർദേശങ്ങൾക്കുള്ളിൽ നിന്നുകൊണ്ടു വേണമെന്നും ഉത്തരവിൽ പറയുന്നു. പടക്കം പൊട്ടിക്കലുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ച് വിദ്യാർഥികൾക്ക് ബോധവത്കരണം നല്കാൻ സ്കൂളുകളിലും കോളജുകളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കണമെന്ന് വിവരസാങ്കേതിക വകുപ്പിന് നിർദേശം നല്കി.

ദീപാവലി ദിവസം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പകൽ സമയത്ത് സൗകര്യപ്രദമായ രണ്ടു മണിക്കൂർ നേരം പടക്കങ്ങൾ പൊട്ടിക്കാമെന്നു സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ദീപാവലിക്ക് രാത്രി എട്ടു മുതൽ പത്തു വരെ മാത്രമെ പടക്കങ്ങൾ പൊട്ടിക്കാൻ പാടുള്ളൂ എന്ന വിധിയിൽ ഇളവു വരുത്തിയാണ് സുപ്രീം കോടതി പുതിയ വിധി പുറപ്പെടുവിച്ചത്. എന്നാൽ പഴയ വിധി തന്നെ നടപ്പാക്കാനാണ് കർണാടക സർക്കാരിന്‍റെ തീരുമാനം