ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബൈബിള്‍ കലോത്സവത്തിന് ഇനി രണ്ടു നാള്‍ മാത്രം
Thursday, November 8, 2018 8:03 PM IST
ബ്രിസ്റ്റോൾ: യൂറോപ്പിലെ ഏറ്റവും വലിയ കലാ മാമാങ്കമായ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ കലോത്സവത്തിന് തിരി തെളിയാന്‍ ഇനി രണ്ടു നാള്‍ മാത്രം ബാക്കിനിൽക്കെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

ബ്രിസ്‌റ്റോള്‍ സെന്‍റ് തോമസ് സീറോ മലബാര്‍ സമൂഹം ആതിഥ്യമരുളുന്ന ബൈബിള്‍ കലോത്സവം ദൈവ വചനം കലാ രൂപങ്ങളിലൂടെ വേദിയിലെത്തുന്ന മഹനീയമായ മുഹൂര്‍ത്തമാണ്. എട്ട് റീജണുകളിൽ പ്രാഥമിക മത്സരം പൂർത്തിയാക്കി രൂപതാതല മത്സരത്തിനെത്തുന്ന മത്സരാര്‍ഥികളുടെ എണ്ണം ഇക്കുറി പതിവിലും ഏറെയാണ്. 1217 മത്സരാര്‍ഥികള്‍ പത്തു വേദികളിലായാണ് മാറ്റുരയ്ക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രാവിലെ 8.30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതിനാല്‍ എല്ലാവരും അതാത് റീജണല്‍ അംഗങ്ങള്‍ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെട്ട് കൃത്യ സമയത്ത് തന്നെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബാഡ്ജുകൾ കൈപ്പറ്റണം. പത്തു വേദികള്‍ ഉള്ളതിനാല്‍ ഒരേ സമയം രണ്ടു വേദികളില്‍ മത്സരം വരുന്ന സാഹചര്യമുണ്ടെങ്കില്‍ കോഓര്‍ഡിനേറ്റേഴ്‌സിനെ മത്സരാര്‍ഥികള്‍ നേരത്തെ വിവരം അറിയിക്കണം.

സൗത്ത് മീഡ് ഗ്രീൻ വേ സെന്‍ററിലെ പ്രധാന വേദിയില്‍ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തുന്നതോടെയാണ് മത്സരങ്ങൾ ആരംഭിക്കും. പ്രധാന വേദിയില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ ലൈവായി സൗത്ത് മീഡ് കമ്യൂണിറ്റി സെന്‍ററില്‍ കാണാവുന്നതാണ്. പ്രതിഷ്ഠാ ചടങ്ങിന് ശേഷം മത്സരങ്ങള്‍ ആരംഭിക്കും. പ്രധാന വേദിയില്‍ നിന്ന് 300 മീറ്റർ , അകലെയുള്ള കമ്യൂണിറ്റി സെന്‍ററിലെ 2 വേദികളിലേക്ക് പ്രത്യേക യാത്രാ സൗകര്യം ഉണ്ടായിരിക്കും.

സമയം പാലിക്കുക എന്നതു തന്നെയാണ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന കാര്യം. സംഘാടകര്‍ക്ക് ഇത്രയും മത്സരാര്‍ഥികൾക്ക് മാറ്റുരയ്ക്കാന്‍ അവസരം നല്‍കുന്ന വലിയ ചുമതലയ്‌ക്കൊപ്പം ഇത് നിര്‍ദ്ദിഷ്ഠ സമയത്ത് പൂര്‍ത്തിയാക്കേണ്ടതുമുണ്ട്. ഇടതടവില്ലാതെ പരിപാടികള്‍ നടക്കും. വൈകുന്നേരം 6.30ന് പൊതു സമ്മേളനവും സമ്മാന ദാനവും നടക്കും. ദുരെനിന്നുവരുന്നവര്‍ക്ക് നേരത്തെ സമ്മാനം സ്വീകരിച്ചു മടങ്ങാന്‍ അവസരം നല്‍കും. രാത്രി 9.30 ഓടെ പരിപാടികള്‍ സമാപിക്കും.

ബ്രിസ്റ്റോളിലേക്ക് ദുരെനിന്നു വരുന്നവര്‍ക്കായി താമസ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ നേരത്തെ തന്നെ അക്കമഡേഷൻ കോഓര്‍ഡിനേറ്റേറായ ജോമോനെ 07886208051 എന്ന നന്പരിൽ ബന്ധപ്പെടുക.

മിതമായ നിരക്കില്‍ ഭക്ഷണം കഴിക്കുന്നതിനായുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ദൂരെ നിന്ന് വരുന്നവർക്ക് ബ്രേക്ക് ഫാസ്റ്റ് അറേഞ്ച് ചെയ്യുന്നുണ്ട്. ആവശ്യമുള്ളവർ ഭക്ഷണത്തിന്‍റെ ചുമതലയുള്ള STSMCC ട്രസ്റ്റി ലിജോ‍യെ 07988140291 എന്ന നന്പരിൽ ബന്ധപ്പെടുക.

പാർക്കിംഗ് ആണ് ഏറ്റവും അലട്ടുന്ന പ്രശ്‌നം. അടുത്തു നിന്നുള്ളവര്‍ പരമാവധി കാല്‍നടയായി എത്തി മറ്റുള്ളവര്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഒരുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. മത്സരാര്‍ഥികള്‍ കൂടുതലുള്ളതിനാല്‍ പാര്‍ക്കിംഗ് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ പരമാവധി സ്ഥലം പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്ന് കോച്ചുകളിൽ വരുന്നവരെ ഗ്രീൻ വേ സെന്‍ററിൽ ഇറക്കിയ ശേഷം വാഹനങ്ങൾ ലിറ്റിൽ മീഡ് പ്രൈമറി സ്കൂളിനു സമീപത്തുള്ള വിഗ്ടൺ ക്രസന്‍റിലോ (BS10 6DS ) സ്റ്റോക് ബിഷപ്പിലെ സാവിൽ റോഡിലോ (BS9 1JA) പാർക്ക് ചെയ്യേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്