ഇറ്റലിയിലെ കുടിയേറ്റ വിരുദ്ധ നയത്തിന് സെനറ്റിന്‍റെ അംഗീകാരം
Thursday, November 8, 2018 10:07 PM IST
റോം: വിശ്വാസ വോട്ട് പാസായതോടെ ഇറ്റലിയിൽ കടുത്ത കുടിയേറ്റ വിരുദ്ധ ഉത്തരവുകൾ നടപ്പാക്കാൻ ആഭ്യന്തര മന്ത്രി മാറ്റിയോ സാൽവീനിക്കു മുന്നിലുള്ള തടസങ്ങൾ നീങ്ങി. സാൽവീനിയുടെ നിർദേശങ്ങൾക്ക് സെനറ്റ് ഇതിനകം അംഗീകാരവും നൽകിക്കഴിഞ്ഞു.

സാൽവീനിയുടെ ലീഗും ലൂയിജി ഡി മയോയുടെ ഫൈവ് സ്റ്റാൻ മൂവ്മെന്‍റും ചേർന്നാണ് ഇറ്റലിയിൽ ഭരണം നടത്തുന്നത്. സെനറ്റിൽ 163 പേർ സാൽവീനിയുടെ കുടിയേറ്റ നയത്തെ അനുകൂലിച്ചപ്പോൾ 59 പേർ മാത്രമാണ് എതിർത്തത്. എതിർപ്പുള്ള അഞ്ച് ഫൈവ് സ്റ്റാർ മൂവ്മെന്‍റ് പ്രതിനിധികൾ അടക്കം 19 പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

പാർലമെന്‍റിന്‍റെ അധോസഭയ്ക്ക് നിർദേശങ്ങൾ പാസാക്കാൻ ഈ മാസം അവസാനം വരെ സമയമുണ്ട്. അഭയാർഥികളെ രാജ്യത്തിനു പുറത്താക്കാനും പൗരത്വം പോലും എടുത്തുകളയാനും എളുപ്പമാക്കുന്ന തരത്തിലുള്ള നിർദേശങ്ങളാണ് സാൽവീനി അവതരിപ്പിച്ചിരിക്കുന്നത്.


അനധികൃതമായി കുടിയേറിയ മലയാളികൾക്കും പുതിയ നിബന്ധന ദോഷം ചെയ്യും.എന്നാൽ ഇറ്റലിയിൽ കുടിയേറിയ ഒട്ടനവധി മലയാളികൾ ഇപ്പോൾ ജർമനിയിലേയ്ക്കു കുടിയേറുന്നുണ്ട്. ജർമനിയിലെ നഴ്സിംഗ് മേഖലയിലെ പ്രതിസന്ധികാരണം ഇവിടെയെത്തുന്ന എല്ലാവരും ആശുപത്രികളിലും അനുബന്ധ സ്ഥാപനങ്ങളിലും ജോലി തരപ്പെടുത്തുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ