നീതിയും സമാധാനവും ഉറപ്പാക്കാൻ ഡൽഹിയിൽ നിന്ന് ജനീവയിലേക്ക് മാർച്ച്
Thursday, November 8, 2018 10:11 PM IST
ജനീവ: നീതിയും സമാധാനവും ഉറപ്പാക്കാൻ ഇന്ത്യൻ ആക്റ്റിവിസ്റ്റിന്‍റെ നേതൃത്വത്തിൽ ഡൽഹിയിൽ നിന്ന് ജനീവയിലേക്ക് മാർച്ച് നടത്തുന്നു. പി.വി. രാജഗോപാലാണ് 9500 കിലോമീറ്റർ വരുന്ന മാർച്ച് നയിക്കുന്നത്.

മഹാത്മാ ഗാന്ധിയുടെ നൂറ്റന്പതാം ജന്മദിനമായ 2019 ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന മാർച്ച് 2020 സെപ്റ്റംബർ 25ന് ജനീവയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്താകമാനം വ്യാപകമാകുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് രാജഗോപാൽ ഇങ്ങനെയൊരു ആശയം മുന്നോട്ടു വയ്ക്കുന്നത്. പാക്കിസ്ഥാൻ, ഇറാൻ, തുർക്കി എന്നീ രാജ്യങ്ങൾ വഴിയായിരിക്കും യാത്രയെന്നും എഴുപതുകാരൻ പറയുന്നു. എൻജിനീയറും അഭിഭാഷകനുമായ അദ്ദേഹം രാജ്യത്തെ ഭൂരഹിത കർഷകർക്കായി പ്രവർത്തിച്ചു വരികയാണ്.

ലോകത്തെങ്ങും വ്യാപകമാകുന്ന സംഘർഷങ്ങളും പ്രകൃതി വിഭങ്ങളുടെ ശോഷണവും തമ്മിലുള്ള ബന്ധത്തിലേക്ക് ലോക ശ്രദ്ധയാകർഷിക്കുകയാണ് തന്‍റെ യാത്രയുടെ ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിചേർത്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ