യൂറോപ്യൻ നേതാക്കൾ ബാർനിയറെ അപമാനിച്ചു
Saturday, November 10, 2018 2:04 AM IST
ഹെൽസിങ്കി: യൂറോപ്യൻ യൂണിയന്‍റെ ഭാഗത്തുനിന്ന് ബ്രെക്സിറ്റ് ചർച്ചകൾക്കു നേതൃത്വം നൽകുന്ന മിച്ചൽ ബാർനിയർക്ക് യൂറോപ്യൻ നേതാക്കളിൽനിന്ന് അവഹേളനം. ഫിൻലാൻഡിൽ നടന്ന സമ്മേളനത്തിൽ അദ്ദേഹം നടത്തിയ ബ്രെക്സിറ്റ് പ്രസംഗം നേതാക്കൾ ഏറെക്കുറെ പൂർണമായി അവഗണിക്കുകയായിരുന്നു.

ബാർനിയർ പ്രസംഗിക്കുന്പോൾ സമ്മേളന പ്രതിനിധികൾ അതു ശ്രദ്ധിക്കാതെ പരസ്പരം സംസാരിച്ചിരിക്കുകയും ഫോട്ടോകളെടുക്കുകയും ചെയ്യുകയായിരുന്നു. ജർമൻ ചാൻസലർ ആഗല മെർക്കൽ പാതിവഴിക്ക് ഇറങ്ങിപ്പോകുകയും ചെയ്തു. ജർമൻ എംഇപി മാൻഫ്രെഡ് വെബർ ഇടയ്ക്ക് എഴുന്നേറ്റു നിന്നു വരെ ഫോട്ടോയ്ക്ക് പോസ് ചെയ്തു. ബാർനിയർക്കു തൊട്ടു മുന്നിലായിരുന്നു ഇത്.

പ്രതിനിധികളുടെ പെരുമാറ്റം ശരിയായില്ലെന്ന് ബൾഗേറിയൻ പ്രധാനമന്ത്രി ബോയ്കോ ബോറിസോവ് പിന്നീട് വേദിയിൽ പരസ്യമായി പറയുകയും ചെയ്തു. ബ്രിട്ടനുമായി നടക്കുന്ന ചർച്ചകളുടെ ഏറ്റവും പുതിയ വിശദാംശങ്ങളാണ് ബാർനിയർ പങ്കുവച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ