നവംബർ ഒന്പത് ജർമനിക്കു മറക്കാനാവാത്ത ദിവസം
Saturday, November 10, 2018 2:26 AM IST
ബർലിൻ: വിധിയുടെ ദിവസം എന്നാണ് നവംബർ ഒന്പതിന് ജർമനിയിലുള്ള വിശേഷണം. അത്രയധികം വിധി നിർണായക സംഭവങ്ങളാണ് പല വർഷങ്ങളായി ഈ ദിവസം രാജ്യത്തുണ്ടായിട്ടുള്ളത്.

ജർമനിയിൽ രാജഭരണം അവസാനിച്ചതിന്‍റെ നൂറാം വാർഷികം എന്ന നിലയിൽ ഈ വർഷം നവംബർ ഒന്പതിന് പ്രാധാന്യം കൂടുതലാണ്. ഒന്നാം ലോകയുദ്ധത്തിൽ രാജ്യം പരാജയത്തെ അഭിമുഖീകരിക്കുന്പോഴാണ് അവസാന ചക്രവർത്തിയായ കൈസർ വിൽഹെം രണ്ടാൻ സ്ഥാനമൊഴിയാൻ നിർബന്ധിതനാകുന്നത്.

1923ൽ, അന്ന് അപ്രശസ്തനായിരുന്നൊരു അഡോൾഫ് ഹിറ്റ്ലറുടെ നേതൃത്വത്തിൽ, ജർമനിയുടെ അധികാരം പിടിച്ചെടുക്കാൻ മ്യൂണിച്ചിലെ ബിയർ ഹാളിൽ ഗൂഢാലോചന നടന്ന ദിവസവും നവംബർ എട്ടായിരുന്നു. കസേരയിൽ കയറി നിന്ന് മുകളിലേക്ക് വെടിവച്ചാണ് അന്നു ഹിറ്റ്ലർ തന്‍റെ പ്രഖ്യാപനങ്ങൾ നടത്തിയത്.

ജൂതർക്കെതിരേ നാസികൾ അഴിച്ചുവിട്ട അതിക്രൂരമായ ആക്രമണത്തിന്‍റെ എണ്‍പതാം വാർഷികം കൂടിയാണ് ഈ ദിവസം. 1938 നവംബർ ഒന്പതിന് തുടങ്ങിയ കൂട്ടക്കുരുതി 90 ദിവസം നീണ്ടു. മുപ്പതിനായിരം പേരെയാണ് കോണ്‍സൻട്രേഷൻ ക്യാംപുകളിലേക്കു മാറ്റിയത്.

1989ൽ ബർലിൻ മതിൽ തകർത്ത് ജർമൻ പുനരേകീകരണം പ്രതീകാത്മകമായി യാഥാർഥ്യമാക്കിയതും നവംബർ ഒന്പതിനായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ