രാത്രിയാത്രാ നിരോധനം: ബംഗളൂരുവിൽ 'നൈറ്റ് ട്രാഫിക് ബേഡ' പ്രതിഷേധം
Saturday, November 10, 2018 7:30 PM IST
ബംഗളൂരു: ബന്ദിപ്പുർ വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കാനുള്ള കേന്ദ്ര നിർദേശത്തിനെതിരേ ബംഗളൂരുവിൽ പ്രതിഷേധസംഗമം. യുണൈറ്റഡ് കൺസർവേഷൻ മൂവ്‌മെന്‍റിന്‍റെ നേതൃത്വത്തിൽ ഫ്രീഡം പാർക്കിൽ ഇന്നലെ രാവിലെ 11 മുതൽ വൈകുന്നേരം നാലു വരെയാണ് 'നൈറ്റ് ട്രാഫിക് ബേഡ' എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

കോളജ് വിദ്യാർഥികൾ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർക്കൊപ്പം കർണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ നിന്നുമുള്ള പരിസ്ഥിതി പ്രേമികളും സാമൂഹ്യപ്രവർത്തകരും നിശബ്ദപ്രതിഷേധ കൂട്ടായ്മയിൽ അണിചേർന്നു. നേരത്തെ, മൈസൂരുവിലും ബന്ദിപ്പൂരിലും ഇത്തരത്തിൽ പ്രതിഷേധം നടത്തിയിരുന്നു.

കേവലം രാത്രിയാത്രയെ എതിർക്കുന്നതിൽ ഒതുങ്ങുന്നതല്ല വിഷയമെന്നും പശ്ചിമഘട്ടത്തിലുടനീളം ഉണ്ടാകുന്ന സംഭവവികാസങ്ങളെയാണ് തങ്ങൾ ഉയർത്തിക്കാട്ടുന്നതെന്നും പ്രതിഷേധത്തിൽ പങ്കെടുത്ത പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സുരേഷ് ഹെബ്‌ലികർ പറഞ്ഞു. പശ്ചിമഘട്ടത്തിന്‍റെ ഭാഗമായ നീലഗിരി ജൈവമണ്ഡലത്തിലാണ് ബന്ദിപ്പുർ വനമേഖലയെന്നും ബന്ദിപ്പുരിനെ സംരക്ഷിക്കുന്നത് പാരിസ്ഥിതികാഘാതത്തിൽ നിന്ന് ദക്ഷിണേന്ത്യയെ മുഴുവനും സംരക്ഷിക്കുന്നതു പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ നിന്നുള്ള വയനാട് പ്രകൃതി സംരക്ഷണ സമിതിയും പ്രതിഷേധത്തിൽ അണിചേർന്നിരുന്നു. കേരളത്തിലെ പരിസ്ഥിതിവാദികൾ രാത്രിയാത്രാ നിരോധനം നീക്കുന്നതിനെ മാത്രമല്ല എതിർക്കുന്നതെന്നും ദീർഘവീക്ഷണമില്ലാത്ത മേൽപ്പാലം പദ്ധതിയെക്കൂടിയാണെന്നും സമിതി അറിയിച്ചു.

ബന്ദിപ്പുർ കടുവാസങ്കേതത്തിലൂടെയുള്ള നിർദിഷ്ട മേൽപ്പാലം പദ്ധതിക്കെതിരേ വൻ പ്രതിഷേധമാണ് ഉയരുന്നത്. നിരോധനമുള്ള വനമേഖലയിൽ ഒരു കിലോമീറ്റർ വീതം ദൈർഘ്യമുള്ള അഞ്ചു മേൽപ്പാലങ്ങൾ നിർമിക്കാനും ബാക്കി ഭാഗത്ത് ഉയരത്തിൽ കമ്പിവേലി സ്ഥാപിക്കാനും കേന്ദ്ര ഉപരിതല മന്ത്രാലയം നിർദേശിച്ചിരുന്നു. ബന്ദിപ്പുർ വഴി നിലവിലുള്ള രാത്രിയാത്രാ നിരോധനം നീക്കുകയോ വനത്തിലൂടെ മേൽപ്പാലം നിർമിക്കുകയോ ചെയ്താൽ അത് പരിസ്ഥിതിക്ക് അപരിഹാര്യമായ നഷ്ടങ്ങൾ വരുത്തിവയ്ക്കുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.