ജർമനിയിൽ വിദേശിവിരുദ്ധ വികാരം ശക്തി പ്രാപിക്കുന്നു
Saturday, November 10, 2018 9:30 PM IST
ജോസ് കുന്പിളുവേലിൽ

ബർലിൻ: വിദേശികളോടുള്ള വിരോധം ജർമനിയിലെ സ്വദേശികൾക്കിടയിൽ ശക്തി പ്രാപിക്കുന്നതായി പഠന റിപ്പോർട്ട്. വിദേശികളോടു മുൻവിധികൾ വച്ചു പുലർത്തുന്ന രീതി വർധിച്ചുവരുന്നതായാണ് വ്യക്തമാകുന്നത്.

രാജ്യത്തെ ക്ഷേമ പദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും പ്രയോജനം വിദേശികൾ അനധികൃതമായി സ്വന്തമാക്കുന്നു എന്നു വിശ്വസിക്കുന്നവരാണ് കിഴക്കൻ സ്റ്റേറ്റുകളിൽ 47 ശതമാനം പേരും.

ജർമനിക്കാരിൽ ആറു ശതമാനം പേർക്ക് ശക്തമായ തീവ്ര വലതുപക്ഷ ആഭിമുഖ്യമുണ്ടെന്നും സർവേയിൽ വ്യക്തമാകുന്നു. ഒലിവർ ഡെക്കർ, എൽമർ ബ്രാലർ എന്നിവർ ചേർന്നാണ് പഠനം പൂർത്തിയാക്കിയത്.

നാലു വർഷം മുൻപ് ലീപ്സീഗ് യൂണിവേഴ്സിറ്റി നടത്തിയ സർവേയിൽ, വലതുപക്ഷ ആഭിമുഖ്യമുള്ളവർ ഇതിലും കുറവായിരുന്നു. എന്നാൽ, 2002ൽ നടത്തിയ സർവേയിൽ 9.7 ശതമാനവുമായിരുന്നു.

ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിൽ ഭരണശക്ഷികളെയും പ്രതിപക്ഷത്തെയും ഒക്കെ ഞെട്ടിച്ചുകൊണ്ട് കുടിയേറ്റ വിരുദ്ധ പാർട്ടി എഎഫ് ഡി നേടിയ വോട്ടുകളും അതിന്‍റെ ശതമാനവും വിദേശി വിരുദ്ധ വികാരം വർദ്ധിയ്ക്കുന്നതായി സാക്ഷപ്പെടുത്തുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ