ആസിയ ബീബിക്ക് നെതർലൻഡ്സ് അഭയം നൽകും
Saturday, November 10, 2018 9:35 PM IST
ആംസ്റ്റർഡാം: പാക്കിസ്ഥാനിൽ മദനിന്ദ കുറ്റത്തിനു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ശേഷം കോടതി മോചിപ്പിച്ച ആസിയ ബീബിക്കും കുടുംബത്തിനും നെതർലൻഡ്സ് അഭയം നൽകും.

കോടതി മോചിപ്പിച്ചിട്ടും ആസിയയെ വധശിക്ഷയ്ക്കു വിധേയയാക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മതമൗലികവാദികൾ. ആസിയയെ മോചിപ്പിക്കാൻ ഉത്തരവിട്ട ജഡ്ജിമാരെക്കൂടി വധിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ക്രിസ്തുമത വിശ്വാസിയാണ് ആസിയ. എട്ടു വർഷമായി മുൾട്ടാനിലെ വനിതകൾക്കായുള്ള ജയിലിൽ ഏകാന്ത തടവിൽ കഴിയുകയായിരുന്നു. ബുധനാഴ്ചയാണ് ജയിൽ മോചിതയായത്. ഇവരെ റാവൽ പിണ്ടിയിലെ നുർ ഖാൻ എയർബേസിൽ നിന്നും പ്രത്യേകം ചാർട്ട് ചെയ്ത വിമാനത്തിൽ നെതർലാൻഡിലെത്തിച്ചു കഴിഞ്ഞു എന്നാണ് സൂചന.

2010 ലാണ് നാലു മക്കളുടെ അമ്മയായ ആസിയയെ ലാഹോർ കോടതി വധശിക്ഷക്കു വിധിച്ചത്. ഒക്ടോബർ 31ന് സുപ്രീംകോടതി ആസിയയുടെ വധശിക്ഷ ഒഴിവാക്കിയിരുന്നു. തുടർന്ന് ജയിൽ മോചിതയായാൽ രാജ്യം വിടാൻ അനുവദിക്കണമെന്ന് ആസിയയുടെ ഭർത്താവ് ആഷിക് മസീഖ് അപേക്ഷിച്ചിരുന്നു. അഭയം ആവശ്യപ്പെട്ട് യുഎസ്, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളുടെ തലവൻമാരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ