"ക്യൂരിയോസിറ്റി 18'; രജിസ്ട്രേഷൻ നവംബർ 20-ന് അവസാനിക്കും
Saturday, November 17, 2018 2:02 PM IST
ഡബ്ലിൻ : അയർലൻഡിലെ കുട്ടികൾക്കു വേണ്ടി എസൻസ് "ക്യൂരിയോസിറ്റി 18' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഏകദിന ശാസ്ത്ര മേളയ്ക്കുള്ള രജിസ്ട്രേഷൻ നവംബർ 20-ന് അവസാനിക്കും. ഡിസംബർ ഒന്നിന് (ശനി) പാമേഴ്സ് ടൗൺ St. Lorcans സ്കൂളിലാണ് പരിപാടി.

വിദ്യാർഥികൾക്കായി സംഘടിപ്പിച്ചിരിക്കുന്ന ശാസ്ത്രമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ http://www.essense.ie എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുക. ക്വിസ് മത്സരത്തിനും പ്രോജക്റ്റ് അവതരണത്തിനുമുള്ള വിദ്യാർഥികൾക്ക് 10 യൂറോ രജിസ്ട്രേഷൻ ഫീസ് ഉണ്ടാവും.

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനും ശാസ്ത്രീയമായ ചിന്താരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി സയൻസ് പ്രോജക്റ്റ്, സയൻസ് ക്വിസ്, സെമിനാറുകൾ എന്നിവയായിരിക്കും ശാസ്ത്ര മേളയിൽ ഉണ്ടാവുക. പ്രൈമറി (ജൂണിയർ) സെക്കൻഡറി (സീനിയർ) വിദ്യാർഥികൾക്കായി രണ്ടു വിഭാഗങ്ങളിലായാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

പ്രോജക്റ്റ് അവതരണത്തിലും സയൻസ് ക്വിസിലും രണ്ടുപേർ ചേർന്ന് ടീമായോ ഒറ്റയ്‌ക്കോ മത്സരിക്കാവുന്നതാണ്. പ്രോജക്ട് അവതരണം , പവർ പോയിന്‍റ് പ്രസന്‍റേഷൻ ആയിട്ടോ മോഡലുകൾ ഉപയോഗിച്ചോ ചെയ്യാവുന്നതാണ്. പവർ പോയിന്‍റ് പ്രസന്‍റേഷൻ ചെയ്യുന്നവർ പ്രസന്‍റേഷൻ തയാറാക്കി USB യിൽ അല്ലെങ്കിൽ SD കാർഡിൽ കൊണ്ടുവരേണ്ടതാണ്. ക്വിസ് മത്സരത്തിൽ കൂടുതൽ ടീമുകൾ ഉണ്ടെങ്കിൽ പ്രിലിമിനറി റൗണ്ട് നടത്തി മത്സരത്തിലേക്കുള്ള ടീമുകളെ തെരഞ്ഞെടുക്കുന്നതാണ്.

രാവിലെ 9:30 - ന് രജിസ്ട്രേഷൻ ആരംഭിച്ച് 10 ന് ക്വിസ് മത്സരങ്ങൾ തുടങ്ങും. പ്രോജക്റ്റ് അവതരണം ഉച്ചയ്ക്ക് ശേഷമാവും നടക്കുക.

വിജയികൾക്കുള്ള കാഷ് അവാർഡ് പ്രശസ്ത ശാസ്ത്രജ്ഞനായ സുരേഷ് സി. പിള്ള സമ്മാനിക്കും. ശാസ്ത്രമേളയിൽ പങ്കെടുക്കുന്ന എല്ലാ മത്സരാർഥികൾക്കും എസൻസ് അയർലൻഡ് നൽകുന്ന സമ്മാനം ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമായിരിക്കും.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ