കേരളത്തിൽ കാരുണ്യഹസ്തവുമായി കേളി
Tuesday, November 20, 2018 9:06 PM IST
സൂറിച്ച് : പ്രവാസിലോകത്തുനിന്നും സാമൂഹ്യ സേവന പാതയിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്വിറ്റ്‌സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി, കേരളത്തിൽ ഈ വർഷം വിവിധ പദ്ധതികൾ ഏറ്റെടുത്തു നടത്തിവരുന്നു. തെരഞ്ഞെടുത്ത വിവിധ പദ്ധതികൾക്കായി കഴിഞ്ഞ ആറ് മാസംകൊണ്ട് മാത്രം 51 ലക്ഷം രൂപയാണ് വിനിയോഗിച്ചത്.

പ്രളയം നാശം വിതച്ച കേരളത്തിന്‍റെ പുനർനിർമാണത്തിനായി പ്രളയ ദുരിതാശ്വാസഫണ്ടിലേക്ക് 10 ലക്ഷം രൂപ നൽകിയ പ്രവാസി സംഘടനയാണ് കേളി സ്വിറ്റ്‌സർലാൻഡ്. ലോകമനസാക്ഷിയെപ്പോലും ഞെട്ടിച്ച പ്രളയദുരന്തങ്ങൾക്ക് പ്രധാന സാക്ഷ്യം വഹിച്ച കോട്ടയത്തും തീരദേശ മേഖലയിലും കേളി രണ്ട് വീടുകൾ നിർമിച്ചു നൽകി. ഇടുക്കിയിലാണ് മൂന്നാമത്തെ ഭവനം നിർമ്മിച്ചു നൽകുന്നത്. പുനർനിർമാണ പ്രക്രിയയിൽ ഇടുക്കിയിലെയും കുട്ടനാട്ടിലെയും തെരഞ്ഞെടുത്ത രണ്ട് വിദ്യാലങ്ങളിലേക്ക് ഓരോ നൂതന സാങ്കേതിക ലൈബ്രറി കൂടി നിർമിച്ചു നൽകും. ഇതിലേക്കായി 10 ലക്ഷം രൂപയും കമ്മിറ്റി നീക്കിവച്ചു.

നമ്മുടെ രാജ്യത്ത് കുഷ്ഠരോഗം ബാധിച്ചത് മൂലം സമൂഹത്തിൽ നിന്നും പുറംതള്ളപ്പെട്ട ജീവിതങ്ങളുടെ പുനരധിവാസ പ്രവർത്തനത്തിലും കേളി ഈ വർഷം പങ്കാളിയായി.അമരാവതിയിലെ കുഷ്ഠരോഗം ബാധിച്ചവരുടെ പുനരധിവാസ പദ്ധതിക്ക് വേണ്ടി സാമ്പത്തിക സഹായം നൽകി.

കിൻഡർ ഫോർ കിൻഡർ വഴി ഈ വർഷം 325 കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകി. പ്രഫഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്ന സമർത്ഥരായ 25 നിർധന കുട്ടികൾക്ക് ഒരാൾക്ക് 20,000 രൂപ വീതം സഹായധനം നൽകി. നാല് വർഷങ്ങളായി മെഡിക്കൽ, എൻജിനിയറിംഗ് , നഴ്‌സിങ് തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്ന സമർത്ഥരായ വിദ്യാർത്ഥികളെ ഈ പദ്ധതിയിലൂടെ സഹായിച്ചു വരുന്നു. കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി സ്വിറ്റ്‌സർലണ്ടിലെ കുട്ടികൾ കേരളത്തിലെ നിർധനരായ കുട്ടികളെ വിദ്യാഭ്യാസത്തിൽ സഹായിച്ചു പോരുന്ന കേളി പദ്ധതി ആണ് കിൻഡർ ഫോർ കിൻഡർ.

ഓരോ കലാസായാഹ്നങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനും സാമൂഹ്യ സേവനത്തിനായി മാത്രം വിനിയോഗിക്കുന്ന സാമൂഹ്യ സംഘടനയാണ് കേളി. സുമനസുകളായ സ്വിസ് മലയാളികൾ നൽകി വരുന്ന പിന്തുണയാണ് കേളിയുടെ സാമൂഹ്യ സേവനപദ്ധതികളുടെ അടിത്തറ. ജന്മനാട്ടിലെ മുഖ്യധാരാസമൂഹത്തിൽ നിന്നും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അശരണർക്കുമായി കേളി കഴിഞ്ഞ 20 വർഷങ്ങളായി നിരവധി പദ്ധതികൾ ചെയ്തു വരുന്നു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ