"ലോക മാനവികയുടെ ആകെ നന്മക്കായി ഭാരതീയ ഉപനിക്ഷത്ത് ദർശനങ്ങൾ ഉപയുക്തമാക്കണം'
Saturday, December 1, 2018 4:09 PM IST
ന്യൂഡൽഹി: ഉപനിക്ഷത്തുകളും വേദാന്തങ്ങളും ദർശനങ്ങളും ധർമസംഹിതകളും പരിത്യാഗത്തിലൂടെ സത്യത്തിന്‍റെ അനേക മുഖങ്ങളെ കണ്ടെത്തുന്നതിനുള്ള ഉപാധിയാക്കി ലോകമാനവികതയുടെ നന്മക്കായി ഉപയുക്തമാക്കണമെന്ന് വൺ വേൾഡ് സ്കൂൾ ഓഫ് വേദാന്തയുടെ മഠാധിപതിയും ഗുരുനിത്യചൈതന്യയതിയുടെ ശിഷ്യനുമായ സ്വാമി മുക്താനന്ദ യതി. ഡൽഹി കേരള ക്ലബിലെ സാഹിത്യ സഖ്യത്തിൽ "ഗുരുനിത്യ ചൈതന്യയതിയുടെ ദർശനം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സത്യത്തിന് ഒരു മുഖമല്ല, മറിച്ച് അനേക മുഖങ്ങളുണ്ടെന്ന കണ്ടെത്തലാണ് തന്‍റെ എഴുത്തിലൂടെയും ജീവിത രീതിയിലൂടെയും പ്രഭാഷണങ്ങളിലൂടെയും ദാർശനികതയിലൂടെയും നിത്യചൈതന്യയതി കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ജോയി വാഴയിൽ ഐഎഎസ് അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ, ഐരൂർ രാധാകൃഷ്ണൻ, കല്ലറ മനോജ്, പത്തിയൂർ രവി, ജനാർദ്ദനൻ മയൂർവിഹാർ എന്നിവർ പ്രസംഗിച്ചു. ഓംചേരി എൻ.എൻ. പിള്ള, ജോയി വാഴയിൽ എന്നിവരുടെ പുസ്തകങ്ങൾ ചടങ്ങിൽ സ്വാമിക്ക് ഉപഹാരമായി സമ്മാനിച്ചു.