കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിനു സമാപനം, പൂര്‍ണ പി. നമ്പ്യാര്‍, അഞ്ജന പ്രസാദ്‌ എന്നിവർ കലാതിലകങ്ങള്‍
Saturday, December 1, 2018 8:28 PM IST
ബംഗളൂരു: കേരളസമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ മലയാളി യുവാക്കള്‍ക്കായി സംഘടിപ്പിച്ച യുവജനോത്സവത്തിന് സമാപനം. ബംഗളൂരു ഇന്ദിരാനഗര്‍ ഫിഫ്ത് മെയിന്‍ നയൻസ് ക്രോസിലുള്ള കൈരളീനികേതന്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് കാമ്പസില്‍ മൂന്ന്‍ വേദികളിലായാണ് മത്സരങ്ങൾ നടന്നത്. വൈകുന്നേരം നടന്ന സമാപന സമ്മേളനം ടോപ്‌ സിംഗര്‍ താരം കൃഷ്ണ ദിയ ഉദ്ഘാടനം ചെയ്തു. കേരളസമാജം പ്രസിഡന്‍റ് സി.പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കേരളസമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പി.വി.എന്‍. ബാലകൃഷ്ണന്‍, ജോയിന്‍റ് സെക്രട്ടറി ജെയ്ജോ ജോസഫ്, അസിസ്റ്റന്‍റ് സെക്രട്ടറി കെ.വി. മനു, കള്‍ച്ചറല്‍ സെക്രട്ടറി വി.എല്‍. ജോസഫ്, കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്‍റ് സി.എച്ച് പത്മനാഭന്‍, വിധികര്‍ത്താക്കളായ ആര്‍എല്‍വി സണ്ണി, കലാമണ്ഡലം അജിത, കലാമണ്ഡലം ആന്‍സി എന്നിവര്‍ പങ്കെടുത്തു.

18 ഇനങ്ങളില്‍ അഞ്ചു മുതല്‍ 21 വയസുവരെ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായി നൂറുകണക്കിന് മത്സരാര്‍ത്ഥികള്‍ രണ്ടു ദിവസം നീണ്ടു നിന്ന മത്സരങ്ങളില്‍ പങ്കെടുത്തു. വ്യക്തിഗത മത്സരങ്ങളില്‍ ലഭിച്ച പോയിന്‍റുകളുടെ അടിസ്ഥാനത്തില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ പൂര്‍ണ പി. നമ്പ്യാരും ജൂനിയര്‍ വിഭാഗത്തില്‍ അഞ്ജന പ്രസാദും കലാതിലകങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.