ബ്രെക്സിറ്റ് ഭക്ഷ്യവില ഉയർത്തും
Wednesday, December 5, 2018 10:54 PM IST
ലണ്ടൻ: ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ബ്രിട്ടനിൽ ഭക്ഷ്യ വില അഞ്ച് ശതമാനം മുതൽ പത്തു ശതമാനം വരെ ഉയരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മാർക്ക് കാർനി.

ആറു ശതമാനമാണ് പ്രതീക്ഷിക്കുന്ന വർധന. ഏറ്റവും മോശം സാഹചര്യത്തിൽ ഇത് പത്തു ശതമാനം വരെയാകാമെന്നും മുന്നറിയിപ്പ്. വിവിധ വിഷയങ്ങളിൽ ബ്രെക്സിറ്റ് എങ്ങനെ സ്വാധീനം ചെലുത്തുമെന്നു പഠിച്ചു വരുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ഇതുവരെ നടത്തിയ എല്ലാ വിലയിരുത്തലുകളിലു ബ്രെക്സിറ്റിന് മോശം ഫലമുണ്ടാകുമെന്നു തന്നെയാണ് വ്യക്തമാകുന്നത്.

ബ്രിട്ടന് നിലവിൽ ആവശ്യമുള്ള ഭക്ഷ്യ വസ്തുക്കളിൽ പകുതിയും ഇപ്പോൾ വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഇതിൽ ബഹുഭൂരിപക്ഷം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നാണ്. ഇതാണ് ഭക്ഷ്യ വില ഉയരാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ബ്രെക്സിറ്റോടെ ബ്രിട്ടീഷ് പൗണ്ടിന് സംഭവിക്കാൻ പോകുന്ന മൂല്യത്തകർച്ചയാണ് ഭക്ഷ്യ വിലക്കയറ്റത്തിന്‍റെ മറ്റൊരു പ്രധാന കാരണം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ