മെർക്കൽ ലോകത്തെ ഏറ്റവും ശക്തമായ വനിതയെന്ന സ്ഥാനം നിലനിർത്തി
Wednesday, December 5, 2018 11:00 PM IST
ബർലിൻ: ജർമൻ ചാൻസലർ സ്ഥാനത്തേക്ക് ഇനി മത്സരിക്കില്ലെന്നും, ഈ ടേം അവസാനിക്കുന്നതോടെ പാർട്ടി അധ്യക്ഷ പദവി ഒഴിയുമെന്നും പ്രഖ്യാപിച്ചിട്ടും ജർമൻ ചാൻസലർ ആംഗല മെർക്കൽ ലോകത്തെ ഏറ്റവും കരുത്തയായ വനിതയായി തുടരുന്നു.

ഫോർബ്സ് പുറത്തുവിട്ട പട്ടികയിലാണ് മെർക്കൽ തന്‍റെ സ്ഥാനം നിലനിർത്തിയിരിക്കുന്നത്. തുടർച്ചയായ എട്ടാം വർഷമാണ് മെർക്കൽ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പതിനഞ്ചാം വട്ടമാണ് ഫോർബ്സ് ഈ ലിസ്റ്റ് തയാറാക്കുന്നത്. 2000 മുതൽ സിഡിയു പാർട്ടിയദ്ധ്യക്ഷയും 2005 മുതൽ ജർമനിയുടെ ചാൻസലറുമാണ് ഡോ. ആംഗല മെർക്കൽ.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയാണ് രണ്ടാം സ്ഥാനത്ത്. ബ്രെക്സിറ്റ് സംബന്ധിച്ച വിഷയങ്ങൾ അവർ കൈകാര്യം ചെയ്യുന്നതിൽ രാജ്യത്തിനുള്ളിലും സ്വന്തം പാർട്ടിക്കുള്ളിലും ശക്തമായ എതിർപ്പ് നിലനിൽക്കുന്പോഴും ലോകം അവരെ ശക്തയായി തന്നെ കാണുന്നു എന്നാണ് ഇതിൽ വ്യക്തമാകുന്നത്.

ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ട് മാനേജിംഗ് ഡയറക്റ്റർ ക്രിസ്റ്റ്യാനെ ലഗാർഡെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഇടം പിടിച്ചു. കഴിഞ്ഞ വർഷം എട്ടാം സ്ഥാനത്തായിരുന്നു അവർ.

ജനറൽ മോട്ടോഴ്സ് സിഇഒ മേരി ബാറ, ബിൽ ഗേറ്റ്സിന്‍റെ ഭാര്യ മെലിൻഡ, യൂട്യൂബ് സിഇഒ സൂസൻ വോയ്സിക്കി, ഐബിഎം സിഇഒ ജിന്നി റോമെറ്റി, ഫിഡെലിറ്റി ഇൻവെസ്റ്റ്മെന്‍റ്സ് സിഇഒ അബിഗെയിൽ ജോണ്‍സണ്‍, സൻറ്റാൻഡർ ബാങ്കിംഗ് ഗ്രൂപ്പ് ചെയർപേഴ്സണ്‍ അന ബോടിൻ, ലോക്ഷീൽഡ് സിഇഒ മെരിലിൻ ഹ്യൂസണ്‍, എന്നിവരാണ് ആദ്യ പത്തിലെ സ്ഥാനങ്ങളിൽ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ