ഡോ .സെബാസ്റ്റ്യൻ ബ്രോക്കിനെയും ഡോ. ഡേവിഡ് ടെയ്‌ലറിനെയും കർദിനാളിന്‍റെ ആദരം
Thursday, December 6, 2018 10:39 PM IST
ലണ്ടൻ: ഭാരതത്തിലെ സുറിയാനി സഭകളുമായി ബന്ധപ്പെട്ട തോമാശ്ലീഹായുടെ പാരമ്പര്യങ്ങളെ നിഷേധിക്കുന്നവർ മറ്റ് എല്ലാ അപ്പസ്തോലിക പാരമ്പര്യങ്ങളും നിഷേധിക്കുന്നുവെന്ന് ലോകപ്രശസ്ത സുറിയാനി പണ്ഡിതനും ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് സർവകലാശാലയിലെ അറമായിക് സുറിയാനി വിഭാഗം പ്രഫസറുമായ ഡോ. ഡേവിഡ് ടെയ്‌ലർ. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതികളുടെ ഭാഗമായുള്ള കുട്ടികളുടെ വർഷത്തിന്‍റെ സമാപനത്തോടനുബന്ധിച്ചു ബർമിംഗ്ഹാമിലെ ബഥേൽ കൺവൻഷൻ സെന്‍ററിൽ നടന്ന സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോമാശ്ലീഹായുടെ ഭാരതത്തിലേക്കുള്ള യാത്രാ വിവരണങ്ങളെപ്പറ്റിയും അവിടെ അദ്ദേഹം നടത്തിയ സുവിശേഷ പ്രവർത്തനങ്ങളെ ക്കുറിച്ചും നിരവധി പൗരാണിക ഗ്രന്ഥങ്ങളിൽ പ്രതി പാദിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഓക്സ്ഫോർഡ് സർവകലാശാലയിൽ ഉൾപ്പെടെ നിരവധി ചരിത്രകാരന്മാർ ഗവേഷണം നടത്തുകയും വിശദശാംശങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട് .

ചിലരെങ്കിലും കരുതുന്നത് ലാറ്റിൻ , ഗ്രീക്ക് , പാരമ്പര്യങ്ങളിൽ മാത്രമാണ് ക്രിസ്ത്യാനിറ്റി നിലയുറപ്പിച്ചിരിക്കുന്നത് എന്നാണ് , അത് പണ്ഡിതോചിതം അല്ലാത്തതും ശുഷ്കമായതുമായ ചിന്തയാണ് . ലാറ്റിൻ , ഗ്രീക്ക് , സുറിയാനി എന്നീ മൂന്നു പ്രധാനപ്പെട്ട പാരമ്പര്യങ്ങളുടെ മുകളിലാണ് ക്രിസ്ത്യാനിറ്റി സ്ഥായിയായി നിലയുറപ്പിച്ചിരിക്കുന്നത് .അക്കാരണത്താൽ സീറോ മലബാർ സഭ അതിന്‍റെ സുറിയാനി പാരമ്പര്യങ്ങളിൽ അഭിമാനം കൊള്ളുകയും അവയെപ്പറ്റി ഗൗരവമായി പഠിക്കുകയും ചെയ്യണമെന്ന് ലോകപ്രശസ്ത സുറിയാനി പണ്ഡിതനും ഓക്സ്ഫോർഡ് സർവകലാശാലയിലെ മുൻ പ്രഫസറുമായ ഡോ . സെബാസ്റ്റ്യൻ ബ്രോക്ക് അഭിപ്രായപ്പെട്ടു .

സമ്മേളനത്തോടനുബന്ധിച്ചു ഡോ . സെബാസ്റ്റ്യൻ ബ്രോക്കിനെയും ഡോ . ഡേവിഡ് ടെയ്‌ലറിനെയും സീറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അവാർഡുകൾ നൽകി ആദരിച്ചു . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ,വികാരി ജനറൽമാരായ ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ ,റവ.ഡോ.മാത്യു ചൂരപൊയ്കയിൽ, ഫാ.ജോയി വയലിൽ , ഓക്സ്ഫോർഡ് സർവകലാശാല ഗവേഷണ വിദ്യാർഥി ഫാ.ജിജി പുതുവീട്ടിക്കളം എസ് .ജെ , രൂപതയിലെ വൈദികർ സന്യസ്തർ തുടങ്ങി നിരവധി വിശ്വാസികൾ ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ