ബ്രിസ്ബേനിൽ കൈരളിയുടെ ജിംഗിൾ ബെൽ റോക്ക്
Friday, December 7, 2018 9:50 PM IST
ബ്രിസ്ബേൻ: കൈരളി ബ്രിസ്ബേൻ അംഗങ്ങളുടെ ക്രിസ്മസ് പ്രോഗ്രാം ജിംഗിൾ ബെൽ റോക്ക് ഡിസംബർ 29 ന് (ശനി) വൈകിട്ട് 5.30 ന് ബ്രിസ്ബേൻ ഇസ് ലാമിക് കോളജിൽ നടക്കും.

കൈരളിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതും ഏറ്റവും മനോഹരവുമായ ഒരു ക്രിസ്മസ് ആഘോഷത്തിനാണ് സംഘാടകർ തയറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. പരിപാടിയിലെ ക്രിസ്മസ് കരോൾ ഗാന മത്സരത്തിന് ഏതാണ്ട് എട്ടോളം ടീമുകൾ രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഒന്നാം സമ്മാനം 501 ഡോളർ കാഷ് പ്രൈസും എവറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 251 ഡോളറും ട്രോഫിയും ലഭിക്കും.

മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെ വാശിയേറിയ മത്സരത്തിനുള്ള തയാറെടുപ്പിലാണ് രജിസ്ട്രർ ചെയ്ത ടീമുകൾ കാരോൾ മത്സരങ്ങൾക്ക് ശേഷം അംഗങ്ങളുടെ വിവിധ കലാ പരിപാടികളും ഓസ്ട്രേലിയയിലെ മികച്ച ഡാൻസ് ഗ്രൂപ്പുകളായ D4D ഡാൻസ് ഗ്രൂപ്പ്, സ്പേസ് ഡാൻസ് ആൻഡ് പെർഫോമിംഗ് സെന്‍റർ തുടങ്ങിയവർ കലാപരിപാടികൾ അവതരിപ്പിക്കും. തുടർന്ന് വിഭവ സമൃദ്ധമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരിക്കും. 6 ഓളം സ്റ്റാർട്ടറുകൾ, പരമ്പരാഗത കേരളീയ വിഭവങ്ങളായ പോത്ത് ഉലർത്തിയത്, ചിക്കൻ വറുത്തത്, നാടൻ മീൻ കറി തുടങ്ങിയവ കൂട്ടിയുള്ള നാടൻ ഊണ്, ഡെസേർട്ട് എന്നിവ ഉൾപ്പെടെ 3–course meal ആണ് ക്രിസ്മസ് ഡിന്നർ ആയിട്ട് ഒരുക്കിയിട്ടുള്ളത്. അംഗങ്ങൾക്ക് 50 ഡോളറും അംഗങ്ങളല്ലാത്തവർക്ക് 60 ഡോളറുമാണ് പ്രവേശന ഫീസ്. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കമ്മിറ്റിക്കാരുമായി ബന്ധപ്പെട്ട് സീറ്റുകൾ മുൻ കൂട്ടി ബുക്കു ചെയ്യേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: ടോം ജോസ്