ഫ്രഞ്ച് പ്രക്ഷോഭം കൂടുതൽ അക്രമാസക്തമാകും
Friday, December 7, 2018 10:45 PM IST
പാരീസ്: ഫ്രാൻസിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശനിയാഴ്ച കൂടുതൽ അക്രമാസക്തമാകുമെന്ന് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഈഫൽ ടവർ അടക്കമുള്ള ചരിത്ര സ്മാരകങ്ങളും വ്യാപാരശാലകളും അടച്ചിടാൻ നിർദേശം.

പ്രക്ഷോഭത്തിന് കാരണമായ ഇന്ധന നികുതി വർധന സർക്കാർ പിൻവലിച്ചിരുന്നു.എന്നാൽ, യെല്ലോ വെസ്റ്റ്സിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രക്ഷോഭം ഇതിനകം മറ്റു വിവിധ വിഷയങ്ങളിലേക്കു വ്യാപിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഇന്ധന നികുതി വർധന പിൻവലിച്ചെങ്കിലും സമരം അവസാനിക്കുന്നില്ല.

മാന്‍റല് ലാ ജോലിയിലെ സ്കൂളിനു മുന്നിൽ നടത്തിയ പ്രക്ഷോഭത്തിനിടെ പോലീസുമായി ഏറ്റുമുട്ടിയ 140 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മാഴ്സൽ, നാന്‍റസ്, പാരീസ് എന്നിവിടങ്ങളിൽ നിരവധി സ്കൂളുകളിലേക്ക് പ്രവേശനം തടഞ്ഞിരിക്കുകയാണ്. ഇവിടങ്ങളിൽ വിദ്യാർഥികൾ തന്നെയാണ് പ്രക്ഷോഭം നയിക്കുന്നത്. സ്കൂൾ പരീക്ഷകളിൽ മാറ്റം വരുത്താനുള്ള പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ നീക്കത്തോടാണ് വിദ്യാർഥികളുടെ പ്രതിഷേധം.

പുതിയ പരീക്ഷ പാസാകുന്നതിന്‍റെ അടിസ്ഥാനത്തിലാണ് യൂണിവേഴ്സിറ്റി പ്രവേശനം നൽകുന്നത്. ഇതിൽ മാറ്റം വരുത്തുന്നത് അവസരങ്ങൾ കുറയാൻ ഇടയാക്കുമെന്നും അസമത്വം വർധിക്കാൻ കാരണമാകുമെന്നുമാണ് വിദ്യാർഥികളുടെ ആശങ്ക.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ