ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ മണ്ഡല പൂജാ മഹോത്സവം ഡിസംബർ 15 ന്
Friday, December 7, 2018 11:13 PM IST
ന്യൂ ഡൽഹി : മയൂർ വിഹാർ ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ ഇരുപത്തിരണ്ടാമത് മണ്ഡല പൂജാ മഹോത്സവം ഡിസംബർ 15 ന് (ശനി) ചില്ലാ ഡിഡിഎ ഫ്ലാറ്റ്സിലെ പൂജാ പാർക്കിൽ രാവിലെ 5.30 നു ഗണപതി ഹോമത്തോടെ ആരംഭിക്കും. പ്രഭാത പൂജകൾക്കുശേഷം രാവിലെ 9.30-നു ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ ഭജനയും ഉച്ചപൂജയ്ക്കു ശേഷം ശാസ്‌താപ്രീതിയും ഉണ്ടാവും.

വൈകുന്നേരം 5.30-നു ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രാങ്കണത്തിലെ അയ്യപ്പ സ്വാമിയുടെ ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും പകർത്തുന്ന മൺ ചെരാതുകളിലെ ദീപക്കാഴ്ച്ചയും പൂത്താലങ്ങളുമേന്തിയ ബാലികമാരുടെയും സന്തോഷ് വാകത്താനവും സംഘവും അവതരിപ്പിക്കുന്ന അമ്മൻകുടത്തിന്‍റേയും മുടപ്പല്ലൂർ ജയകൃഷ്‌ണനും സംഘവും നയിക്കുന്ന വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അയ്യപ്പസ്വാമിയുടെ അലങ്കരിച്ച ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള താലപ്പൊലി എഴുന്നെള്ളത്ത് 7ന് പൂജാ സന്നിധിയിൽ എത്തിച്ചേരും. തുടർന്ന് 7.15-ന് മഹാ ദീപാരാധന. 7.30 മുതല്‍ മലയാള സിനിമാ സംഗീത സംവിധായകൻ ബിജു അനന്തകൃഷ്‌ണനും സംഘവും അവതരിപ്പിക്കുന്ന ഭജൻ സന്ധ്യ. തുടർന്ന് അത്താഴപൂജ, മഹാദീപാരാധന, പ്രസാദ വിതരണം, ലഘു ഭക്ഷണം എന്നിവയും നടക്കും.

ഞായറാഴ്ച ഉച്ചക്ക് അശരണർക്കായി ആഹാരവും നൽകുന്നതോടെ പരിപാടികൾ സമാപിക്കുമെന്ന് സെക്രട്ടറി കൃഷ്‌ണകുമാർ അറിയിച്ചു.

വിവരങ്ങൾക്ക് : 9717306998, 8076544228, 7011140062 .

റിപ്പോർട്ട്: പി.എൻ. ഷാജി