മാർപാപ്പ ക്രിസ്മസ് ട്രീയും പുൽക്കൂടും ആശീർവദിച്ചു
Saturday, December 8, 2018 9:17 PM IST
വത്തിക്കാൻസിറ്റി: ഇക്കൊല്ലത്തെ ക്രിസ്മസ് ആഘോഷത്തിന്‍റെ മുന്നോടിയായി സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ ക്രിസ്മസ് ട്രീയും പുൽക്കൂടും സ്ഥാപിച്ചു. കമനീയമായി അലങ്കരിച്ച ട്രീ വെള്ളിയാഴ്ച വൈകുന്നേരം 16.30 ന് ഫ്രാൻസിസ് മാർപാപ്പയാണ് വെഞ്ചരിച്ചത്.ഏതാണ്ട് നാനൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു.

നോർത്തേണ്‍ ഇറ്റലിയിലെ പോർഡിനോണിൽ നിന്നാണ് 21 മീറ്റർ ഉയരവും 4.3 ടണ്‍ ഭാരവുമുള്ള ക്രിസ്മസ് ട്രീ(ഫിഷ്ടെ) എത്തിച്ചത്. ഇത്തവണ പുൽക്കൂട് തീർത്തത് മണൽകൊണ്ടാണ്.

സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ 52 അടി നീളമുള്ള മണൽ പ്രതലത്തിൽ ജോസഫിന്‍റെയും മറിയത്തിന്‍റെയും ഉണ്ണിയേശുവിന്‍റെയും ദൂതരുടെയും ശില്പങ്ങൾ ഡൊലോയിമാരിൽ നിന്ന് കൊണ്ടുവന്ന 700 ടണ്‍ മണൽ ഉപയോഗിച്ച് നാല് അന്താരാഷ്ട്ര കലാകാരൻമാരാണ് മെനഞ്ഞത്. ഇനിമുതൽ ഇത് കാണുവാൻ സന്ദർശന പ്രവാഹമായിരിക്കുമെന്ന് വത്തിക്കാൻ വക്താവ് പറഞ്ഞു.
1982 മുതൽ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയാണ് സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ ക്രിസ്മസ് ട്രീയും തിരുപ്പിറവിയുടെ ഒരു ശിൽപ്പവും സ്ഥാപിക്കാൻ തുടക്കമിട്ടത്.

1982 ൽ ഒരു പോളിഷ് കർഷകൻ പോളണ്ടുകാരനായ ജോണ്‍ പോൾ പാപ്പായ്ക്കു സമ്മാനമായി ഒരു ക്രിസ്മസ് ട്രീ നൽകിയതിന്‍റെ ബഹുമാനാർഥമാണ് പാപ്പാ ഇത്തരമൊരു പാരന്പര്യത്തിനു തുടക്കമിട്ടത്.അതിനു ശേഷം ഇവിടെ സ്ഥാപിക്കുവാൻ ഓരോ വർഷവും ഓരോ രാജ്യത്തു നിന്നും ക്രിസ്മസ് ട്രീ വത്തിക്കാനിൽ എത്തിച്ച് സ്ഥാപിച്ചുപോരുന്നു.

പുതുവർഷത്തിലെ ജനുവരി പതിമൂന്നുവരെ ട്രീയും പുൽക്കൂടും വത്തിക്കാനിൽ പ്രകാശപൂരിതമായി നിൽക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ