പുതിയ ബസുകളിലും ട്രക്കുകളിലും ജിപിഎസ് നിര്‍ബന്ധമാക്കുന്നു
Thursday, December 20, 2018 9:59 PM IST
ബംഗളൂരു: ജനുവരി ഒന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന ട്രക്കുകളിലും ബസുകളിലും ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കാന്‍ ഗതാഗതവകുപ്പ് ഒരുങ്ങുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നിയമലംഘനങ്ങള്‍ തടയുന്നതിനുമായാണ് പുതിയ നിര്‍ദേശം. വാഹനങ്ങളിലെ ജിപിഎസ് ഉപകരണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഗതാഗതവകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ ശേഖരിക്കും. ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയറുകളും തയാറാക്കും. ഇതു വിജയമെന്നു കണ്ടാല്‍ മറ്റു വാഹനങ്ങളിലും ജിപിഎസ് സംവിധാനം സ്ഥാപിക്കാനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം.

വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തിയാല്‍ അപകടസമയങ്ങളില്‍ വാഹനത്തിന്റെ കൃത്യമായ സ്ഥലം പോലീസിന് കണ്ടെത്താനാകും. ബസുകള്‍ പെര്‍മിറ്റ് ലംഘിച്ച് ഓടിയാലോ അമിതവേഗത്തില്‍ ഓടിയാലോ അക്കാര്യം കണ്ടെത്താനും ജിപിഎസ് സംവിധാനത്തിലൂടെ കഴിയും. ജിപിഎസിനൊപ്പം സുരക്ഷയ്ക്കായി ഭാവിയില്‍ പാനിക് ബട്ടണുകളും സ്ഥാപിക്കാനും ഗതാഗതവകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്.

അതേസമയം, പഴയ വാഹനങ്ങളില്‍ ജിപിഎസ് സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും സ്വമേധയാ സ്ഥാപിക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്കാനാണ് ഗതാഗതവകുപ്പിന്‍റെ തീരുമാനം..