അറ്റകുറ്റപ്പണി: മെട്രോ സർവീസ് മൂന്നുദിവസം നിർത്തിവയ്ക്കും
Monday, December 24, 2018 7:37 PM IST
ബംഗളൂരു: നമ്മ മെട്രോയുടെ ഇന്ദിരാനഗർ സ്റ്റേഷനും എംജി റോഡ് സ്റ്റേഷനുമിടയിലുള്ള സർവീസുകൾ ഈമാസം 28 മുതൽ 30 വരെ നിർത്തിവയ്ക്കും. ട്രിനിറ്റി സർക്കിൾ സ്റ്റേഷനു സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് സർവീസ് തടസപ്പെടുന്നത്. ഡിസംബർ 28ന് രാത്രി എട്ടിന് നിർത്തിവയ്ക്കുന്ന സർവീസുകൾ 31ന് പുലർച്ചെ അഞ്ചിനു പുനഃരാരംഭിക്കുമെന്ന് ബിഎംആർസിഎൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അതേസമയം, മൈസൂർ റോഡിനും എംജി റോഡിനുമിടയിലെ സർവീസുകളും ഇന്ദിരാനഗറിനും ബൈയപ്പനഹള്ളിക്കുമിടയിലെ സർവീസുകളും പതിവുപോലെ നടക്കും. സർവീസ് മുടങ്ങുന്ന സാഹചര്യത്തിൽ യാത്രക്കാർക്കായി ബദൽ സംവിധാനവും ബിഎംആർസിഎൽ ഒരുക്കിയിട്ടുണ്ട്. മൂന്നു ദിവസങ്ങളിലും കബൺ പാർക്ക് സ്റ്റേഷനും ബൈയപ്പനഹള്ളി സ്റ്റേഷനുമിടയിൽ ഇരുദിശകളിലേക്കും സൗജന്യ ബസ് സർവീസ് ആണ് ഏർപ്പെടുത്തുന്നത്. ഡിസംബർ 28ന് രാത്രി എട്ടു മുതൽ 11 വരെയും ബാക്കി രണ്ടുദിവസങ്ങളിൽ മുഴുവൻ സമയവും ബസ് സർവീസുകളുണ്ടായിരിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.