വഴങ്ങാതെ രമേഷ് ജാർകിഹോളി; അനുനയശ്രമം തുടരുന്നു
Monday, January 7, 2019 7:04 PM IST
ബംഗളൂരു: കർണാടകയിൽ കോൺഗ്രസിലെ പ്രതിസന്ധിക്ക് അയവില്ല. മന്ത്രിസ്ഥാനം നഷ്ടമായ മുതിർന്ന നേതാവ് രമേഷ് ജാർകിഹോളിയുടെ രാജിഭീഷണിയാണ് കോൺഗ്രസിനെ വലയ്ക്കുന്നത്. നേതാക്കൾ അനുനയശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും രാജിവയ്ക്കുമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനില്ക്കുകയാണ്. രമേഷ് രാജിവയ്ക്കുമെന്ന് സഹോദരനും മന്ത്രിയുമായ സതീഷ് ജാർകിഹോളിയും സാധ്യത അറിയിച്ചിട്ടുണ്ട്. രമേഷ് രാജിവച്ചാൽ പാർട്ടിയിൽ വിള്ളലുണ്ടാകാൻ സാധ്യതയുള്ളതിനാൽ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് അദ്ദേഹത്തെ അനുനയത്തിലേക്ക് കൊണ്ടുവരേണ്ടത് കോൺഗ്രസിന്‍റെ ആവശ്യമാണ്.

ബെലാഗവിയിലെ പാർട്ടി കാര്യങ്ങളിൽ മന്ത്രി ഡി.കെ. ശിവകുമാർ ഇടപെട്ടതോടെയാണ് ജാർകിഹോളി സഹോദരങ്ങൾ പാർട്ടി നേതൃത്വവുമായി ഇടഞ്ഞത്. പിന്നീട് മന്ത്രിസഭാ പുനഃസംഘടന നടത്തിയപ്പോൾ തന്നെ ഒഴിവാക്കി സഹോദരൻ സതീഷ് ജാർകിഹോളിക്ക് മന്ത്രിസ്ഥാനം നല്കിയതും രമേഷിനെ ചൊടിപ്പിച്ചു. പാർട്ടി നേതൃത്വവുമായി അകന്ന് ഡൽഹിയിൽ കഴിയുന്ന രമേഷ് ജാർകിഹോളി ബിജെപി നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ് സൂചന. സഖ്യത്തിൽ വിള്ളലുണ്ടാക്കി സർക്കാരിനെ വീഴ്ത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനം നല്കാമെന്ന് ബിജെപി ഉറപ്പുനല്കിയതായും റിപ്പോർട്ടുകളുണ്ട്.

പ്രശ്നം പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ നേതൃത്വത്തിൽ അനുനയ ചർച്ചയ്ക്കും ശ്രമം നടക്കുന്നുണ്ട്. ഡൽഹിയിലുള്ള രമേഷ് ഹൈക്കമാൻഡുമായി സംസാരിക്കാൻ തയാറാകണമെന്നും കർ‌ണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി നേരിട്ടു സംസാരിക്കണമെന്നും കെപിസിസി അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു അറിയിച്ചിട്ടുണ്ട്.

അതേസമയം, സഖ്യസർക്കാരിനെ മറിച്ചിടാൻ കുറഞ്ഞത് 15 എംഎൽഎമാരുടെയെങ്കിലും പിന്തുണ ആവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ പത്തു പേരെ അടർത്തിയെടുക്കാൻ രമേഷ് ജാർകിഹോളിക്കു സാധിക്കുമെന്നാണ് സൂചന. എന്നാൽ, സഹോദരൻ സതീഷ് ജാർകിഹോളി പാർട്ടി വിടാൻ തയാറല്ല. 224 അംഗ നിയമസഭയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് 118 പേരുടെ പിന്തുണയുണ്ട്. ബിജെപിക്ക് 104 എംഎൽഎമാരാണുള്ളത്.