നോയിഡ അയ്യപ്പ ക്ഷേത്രത്തിൽ മകര വിളക്ക് മഹോത്സവം 14 ന്
Tuesday, January 8, 2019 5:26 PM IST
ന്യൂഡൽഹി: നോയിഡ അയ്യപ്പ പൂജാ സമിതിയുടെ ആഭിമുഖ്യത്തിൽ സെക്ടർ 62-ലെ അയ്യപ്പ ക്ഷേത്രത്തിൽ പതിനെട്ടാമത്‌ മകരവിളക്കു മഹോത്സവം ജനുവരി 14-നു (തിങ്കൾ) രാവിലെ നിർമാല്യ ദർശനത്തോടെ തുടക്കമിടും. മഹാഗണപതി ഹോമം, മഹാഭിഷേകം, വാകച്ചാർത്ത്, ഉഷ:പൂജ തുടങ്ങി ദിവസം മുഴുവനും നീണ്ടുനിൽക്കുന്ന വിശേഷാൽ പൂജകളോടെയാവും ഇത്തവണയും മഹോത്സവ പരിപാടികൾ.

രാവിലെ 7.30 മുതൽ പല്ലശ്ശന ഉണ്ണിമാരാരും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളവും 10ന് ഡൽഹി വസുന്ധര എൻക്ലേവ് ശ്രുതിലയ അവതരിപ്പിക്കുന്ന ഭക്തി ഗാനമേളയും തുടർന്ന് അന്നദാനവും നടക്കും.

വൈകിട്ട് 4.30-നു സെക്ടർ 62-ലെ ജെഎസ്എസ് കോളജിനടുത്തുള്ള ഗണപതി കോവിലിൽ നിന്നും താലപ്പൊലി എഴുന്നെള്ളത്ത് ആരംഭിക്കും. പഞ്ചാരിമേളത്തോടൊപ്പം ഗാസിയാബാദിലെ ശിവനും സംഘവും അവതരിപ്പിക്കുന്ന അമ്മൻകുടം, മൺചെരാതുകളിൽ നെയ് ദീപനാളങ്ങളും പൂത്താലവുമേന്തിയ ബാലികമാരുടേയും സ്ത്രീജനങ്ങളുടേയും അകമ്പടിയോടെ പുഷ്‌പാലംകൃതമായ രഥത്തിൽ അയ്യപ്പ സ്വാമിയുടെ ഛായാ ചിത്രവും വഹിച്ചുകൊണ്ടു നടക്കുന്ന താലപ്പൊലി എഴുന്നെള്ളത്ത് 6.30-ന് ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് ദീപാരാധനയും മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചു പ്രത്യേകം തയാറാക്കുന്ന പ്രസാദമായ ഉണ്ണിയപ്പ വിതരണവുമുണ്ടാവും. വൈകുന്നേരം 7 ന് മലയാള സിനിമാ പിന്നണി ഗായകനായ നജിം അർഷാദ് നയിക്കുന്ന ഗാനമേള. രാത്രി 10 ന് അന്നദാനം.

നോയിഡ അയ്യപ്പ പൂജാ സമിതി പ്രസിഡന്‍റ് ജി.ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്‍റ് ബിജു കെ., സെക്രട്ടറി എൻ.ജി. പ്രതാപൻ, ജോയിന്‍റ് സെക്രട്ടറി പ്രദീപ് കെ.ജി., മകരവിളക്ക് മഹോത്സവകമ്മിറ്റി കൺവീനർ മധുസൂദനൻ നായർ, ട്രഷറർ ബാബു പിള്ള, ജോയിന്‍റ് ട്രഷറർ രാജു ഗോപാൽ, രക്ഷാധികാരി എസ്.എസ്. പിള്ള തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

വിവരങ്ങൾക്ക് : 9811744625, 97111 68084, 9990841616.

റിപ്പോർട്ട്: പി.എൻ. ഷാജി