ഇന്ദിരയ്ക്ക് പകരമാകില്ല 'അപ്പാജി'; ജെഡി-എസിന്‍റെ കാന്‍റീൻ പൂട്ടുന്നു
Tuesday, January 8, 2019 8:13 PM IST
ബംഗളൂരു: കോൺഗ്രസ് സർ‌ക്കാരിന്‍റെ ഇന്ദിര കാന്‍റീനുകൾക്ക് ബദലായി പത്തുവർഷം മുമ്പ് ജെഡി-എസ് ആരംഭിച്ച നമ്മ അപ്പാജി കാന്‍റീൻ അടച്ചുപൂട്ടുന്നു. കാന്‍റീൻ നടത്തിപ്പ് അവതാളത്തിലായതോടെയാണ് ജെഡി-എസ് ആസ്ഥാനത്തിനു സമീപമുള്ള കാന്‍റീനിനു പൂട്ടുവീണത്. വൈദ്യുതി കുടിശിക വർധിച്ചതിനെ തുടർന്ന് ബെസ്കോം കാന്‍റീനിലേക്കുള്ള വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിരുന്നു.

സിദ്ധരാമയ്യ സർക്കാർ നടപ്പിലാക്കിയ ഇന്ദിര കാന്‍റീൻ പദ്ധതി വൻവിജയമായതോടെയാണ് അന്ന് പ്രതിപക്ഷത്തായിരുന്ന ജെഡി-എസ് അപ്പാജി കാന്‍റീൻ ആരംഭിച്ചത്. എംഎൽഎ ടി.എ. ശരവണന്‍റെ നേതൃത്വത്തിൽ ആരംഭിച്ച കാന്‍റീനിൽ ഉച്ചഭക്ഷണത്തിന് 10 രൂപയാണ് ഈടാക്കിയിരുന്നത്. സംസ്ഥാനമൊട്ടാകെ ഇത്തരം കാന്‍റീനുകൾ സ്ഥാപിക്കാൻ ജെഡി-എസ് പദ്ധതിയിട്ടിരുന്നെങ്കിലും അത് പ്രാവർത്തികമായില്ല.

മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ 2017ൽ ബജറ്റിന്‍റെ ഭാഗമായാണ് ഇന്ദിര കാന്‍റീൻ പദ്ധതി നടപ്പാക്കിയത്. അഞ്ചു രൂപയ്ക്ക് പ്രഭാതഭക്ഷണവും പത്തു രൂപയ്ക്ക് ഉച്ചഭക്ഷണവും ലഭിക്കുന്ന കാന്‍റീനുകളിൽ ദിവസേന ആ‍യിരക്കണക്കിന് പേരാണ് എത്തുന്നത്.