ജർമൻ ഡേറ്റ ചോർച്ച: പത്തൊന്പതുകാരന്‍റെ വീട് പരിശോധിച്ചു
Tuesday, January 8, 2019 9:06 PM IST
ബർലിൻ: ജർമനിയെ പിടിച്ചുലച്ച ഡേറ്റ മോഷണ കേസ് അന്വേഷണത്തിന്‍റെ ഭാഗമായി പത്തൊന്പതുകാരന്‍റെ വീട് പോലീസ് പരിശോധിച്ചു. ഇയാളെ കേസിൽ സാക്ഷിയായാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

തെക്കു പടിഞ്ഞാറൻ സ്റ്റേറ്റായ ബാഡൻ വുർട്ടംബർഗിലെ ഹെയ്ൽബ്രോണിലുള്ള വീട്ടിലായിരുന്നു പരിശോധന. ജാൻ എസ് എന്നാണ് പത്തൊന്പതുകാരന്‍റെ പേര് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. തന്നെ മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്തതായി ഇയാൾ ചില മാധ്യമങ്ങളോടു വെളിപ്പെടുത്തി.

ചാൻസലർ ആംഗല മെർക്കൽ അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ ഓണ്‍ലൈൻ അക്കൗണ്ടുകളിലാണ് വ്യാപകമായി ഹാക്കിംഗ് നടന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജർമൻ ആഭ്യന്തര മന്ത്രി ഹോഴ്സ്റ്റ് സീഹോഫർ ഇൻഫർമേഷൻ സെക്യൂരിറ്റി വിഭാഗം തലവൻ ആർനെ ഷോൻബോമിനെയും പോലീസ് മേധാവി ഹോൾഗർ മഞ്ചിനെയും നേരിൽ കാണാനിരിക്കെയാണ് റെയ്ഡ്.

താനാണ് ജാൻ എസ് എന്ന് അവകാശപ്പെടുന്ന ട്വിറ്റർ അക്കൗണ്ടിലാണ് സാക്ഷിയായാണ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നതെന്നു പറയുന്നത്. ഓർബിറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ഹാക്കറെ തനിക്കറിയാം എന്നതാണ് ഇതിനു കാരണമെന്നും പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ