മലയാളി വൈദികന് അന്താരാഷ്ട്ര ഫെല്ലോഷിപ്പ്
Thursday, January 10, 2019 4:10 PM IST
മെൽബൺ : മലയാളി വൈദികന് അന്തർദേശീയ അംഗീകാരം. മെൽബൺ ലത്തീൻ അതിരൂപതയിലെ സ്പ്രിംഗ് വെയിൽ സെന്‍റ് ജോസഫ്സ് ഇടവക സഹവികാരിയും കോട്ടയം പൂഞ്ഞാർ സ്വദേശിയുമായ ഫാ. ജോൺ വയലിൽകരോട്ട് ഒഎഫ്എം. കൺവൻച്വലിന്
ഇന്‍റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗനൈസേഷണൽ സൈക്കോളജിക്കൽ
മെഡിസിന്‍റെ ഓണററി ഫെല്ലോഷിപ്പ്.

സൈക്കോളജി ഓഫ് റിലീജിയൻ ആൻഡ് മരിയൻ സ്പിരിച്വാലിറ്റി, ഹ്യൂമൻ ക്യാപിറ്റൽ പൊട്ടൻഷ്യൽ എൻഹാൻസ്മെന്‍റ് ആൻഡ് പ്രൊഡക്ടിവിറ്റി എന്നീ വിഷയങ്ങളിൽ ഫാ. ജോൺ നൽകിയ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായാണ് അമേരിക്കയിലെ ഫ്ലോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന പുരസ്കാരം നൽകി ആദരിച്ചത്.

ബ്രിട്ടൺ, ഓസ്ട്രേലിയ, ഇന്ത്യ, അയർലൻഡ്, കാനഡ, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ
സംഘടനയ്ക്ക് ശാഖകളുണ്ട്. കഴിഞ്ഞമാസം ഹൈദരാബാദിൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആറാമത് കോൺവൊക്കേഷൻ ചടങ്ങിൽ ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും മനുഷ്യവിഭവ ശാക്തീകരണ വിഷയങ്ങളിൽ നേട്ടം കൈവരിച്ച പ്രമുഖ വ്യക്തികൾക്കൊപ്പം ഫാ. ജോൺ ഫെല്ലോഷിപ്പ് ഏറ്റുവാങ്ങി. എൻഹാൻസിങ് ഹ്യൂമൻ ക്യാപിറ്റൽ പൊട്ടൻഷ്യൽ ആൻഡ്
പ്രൊഡക്ടിവിറ്റി എന്ന വിഷയത്തിൽ അന്താരാഷ്ട്ര സെമിനാറും ചടങ്ങിൽ നടന്നു.

ഓസ്ട്രേലിയയിൽ ഇടവക പ്രവർത്തങ്ങളോടൊപ്പം മരിയൻ ആധ്യാത്മികതയിൽ പിഎച്ച്ഡി പഠനവും മുൻപോട്ടു കൊണ്ടുപോകുന്ന ജോണച്ചൻ പൂഞ്ഞാർ വയലിൽകരോട്ട് പരേതരായ ചാക്കോ- അന്നമ്മ ദമ്പതികളുടെ പുത്രനും കൺവൻച്വൽ ഫ്രാൻസിസ്കൻ സഭാംഗവുമാണ്.

റിപ്പോർട്ട്: ലിബി മഞ്ജു