യുക്മ ഫാമിലി ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ തകൃതിയിൽ
Thursday, January 10, 2019 5:04 PM IST
മാഞ്ചസ്റ്റർ: വിഥിൻഷോയിലെ ഫോറം സെന്‍ററിൽ ജനുവരി 19ന് നടക്കുന്ന നാലാമത് യുക്മ ഫാമിലി ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ തകൃതിയിൽ പുരോഗമിക്കുന്നു. ഇനി ഒന്പതു നാൾ ബാക്കിനിൽക്കെ നടക്കുന്ന യുക്മ ഫാമിലി ഫെസ്റ്റിന് കലാപരിപാടികൾ അവതരിപ്പിക്കുന്ന കുട്ടികളും മുതിർന്നവരുമായ കലാകാരൻമാർ വലിയ ആവേശത്തിലാണ്.

പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് നേതൃത്വം നൽകുന്ന ദേശീയ കമ്മിറ്റിയുടെ അവസാനത്തെ പരിപാടി‍യായ ഫാമിലി ഫെസ്റ്റ് ഏറ്റവും ഭംഗിയും മികച്ചതുമാക്കാൻ ദേശീയ റീജൺ കമ്മിറ്റികൾ ഒറ്റക്കെട്ടായി പരിശ്രമിക്കുകയാണ്. യുക്മയുടെ ചരിത്രത്തിലാദ്യമായാണ് നൂതന ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് യുക്മ ഫാമിലി ഫെസ്റ്റ് ഇത്തവണ അരങ്ങേറുന്നത്.

വേദി പരമാവധി ഉൾക്കൊള്ളുന്ന വിധത്തിൽ എൽ.ഇ.ഡി വാളിന്‍റെ സഹായത്തോടെ 10000 വാട്ട് സൗണ്ടും ലൈറ്റും ഉൾപ്പെടെ കാണികൾക്കായി ഉഗ്രൻ കലാവിരുന്നൊരുക്കുകയാണ് യുക്മ. മാഞ്ചസ്റ്ററിൽ ഇതുവരെ സംഘടിപ്പിച്ചതിൽ വച്ചേറ്റവും വലിയ പരിപാടി കൂടിയായിരിക്കും യുക്മ ഫാമിലി ഫെസ്റ്റ്. കളർ മീഡിയാ ലണ്ടൻ എൽഇഡി വാൾ ക്രമീകരിക്കുമ്പോൾ ജാസ് സൗണ്ട്സ് ശബ്ദവും വെളിച്ചവും നൽകി പരിപാടികൾക്ക് പൂർണതയേകും.

രാധേഷ് നായരുടെ നേതൃത്വത്തിൽ ജനേഷ് നായർ, ഹരികുമാർ.കെ.വി, സാജു കാവുങ്ങ, സനിൽ ജോൺ, ബൈജു മാത്യു, വിനോദ് കുമാർ, സജി നായർ, മഹേഷ് വളപ്പിൽ, രാജു മുത്തുസ്വാമി, മനോജ് തുടങ്ങിയവരുൾപ്പെടുന്ന മാഞ്ചസ്റ്റർ മേളം നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ മുന്നിൽ ചെണ്ടകൊട്ടുമ്പോൾ, ലണ്ടൻ മലയാളികൾക്ക് നാട്ടിലെ ഉത്സവ പറമ്പിലെ പകൽപൂരത്തിന്‍റെ ഓർമകളായിരിക്കും സമ്മാനിക്കുക.

കവൻട്രി കേരള കമ്യൂണിറ്റിയുടെ പെൺകുട്ടികൾ ബോളിവുഡ് ഡാൻസുമായി വേദിയിലെത്തും. .എലിസാ മാത്യു, ആൻഡ്രിയ ജോയ്, ലിയോണ സാബു, റീത്താ ജോയ്, മരിയ റോബിൻ, ഹന്ന ജോസ് എന്നിവരാണ് സികെസിയിൽ നിന്നും വേദിയിലെത്തുന്നത്.

പത്ത് വർഷക്കാലമായി നാടക രംഗത്ത് പ്രവർത്തിക്കുന്നതും നിരവധി വേദികളിൽ നാടകങ്ങൾ അവതരിപ്പിച്ച് പ്രശസ്തരായ ട്രാഫോർഡ് നാടക സമിതിയുടെ ഏറ്റവും പുതിയ നാടകമാണ് സിഗററ്റ് കൂട്. കേരളത്തിലെ നിലവിലെ സാമൂഹ്യ പശ്ചാത്തലത്തെ ആസ്പദമാക്കി ഡോ.സിബി വേകത്താനം രചനയും സംവിധാനവും നിർവഹിച്ചിട്ടുള്ള നാടകം അണിയറയിൽ ഒരുങ്ങി വരുന്നു. ചാക്കോ ലൂക്ക്, അഷാ ഷിജു, ലിജോ ജോൺ, മാത്യു ചുമ്മാർ ചമ്പക്കര, ബിജു കുര്യൻ, ഉണ്ണികൃഷ്ണൻ, ഡോണി ജോൺ എന്നിവരാണ് അണിയറയിൽ.

ജനുവരി 19ന് നറുക്കെടുക്കുന്ന യുക്മ യുഗ്രാൻഡ് ടിക്കറ്റുകൾ എടുത്ത് യുക്മയുടെ ചാരിറ്റി പ്രവർത്തനങ്ങിൽ പങ്കാളികളാവാനും ഭാഗ്യപരീക്ഷണവും നടത്താം. സമ്മാനങ്ങളായി നിങ്ങളെ കാത്തിരിക്കുന്നത് കാറും സ്വർണ നാണയങ്ങളുമാണ്.

യുക്മ യൂത്ത് അക്കാഡമിക് അവാർഡിന് ജിസിഎസ്‌ഇ, എ ലെവൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഇനിയും അപേക്ഷ അയയ്ക്കാത്ത കുട്ടികൾ എത്രയും വേഗം അപേക്ഷകൾ അയയ്ക്കണമെന്ന് ഡോ.ബിജു പെരിങ്ങത്തറയും ഡോ. ദീപാ ജേക്കബും അറിയിച്ചു.

വിവരങ്ങൾക്ക് : അലക്സ് വർഗീസ് (ജനറൽ കൺവീനർ) 07985641921, ഷീജോ വർഗീസ് 07852931287.