കർണാടകയ്ക്ക് പുതിയ കടുവാസങ്കേതം
Saturday, January 12, 2019 9:55 PM IST
ബംഗളൂരു: സംസ്ഥാനത്തെ ആറാമത്തെ കടുവാസങ്കേതം യാഥാർഥ്യമാകുന്നു. മാലൈ മഹാദേശ്വര മലനിരകളും കാവേരി വന്യജീവിസങ്കേതവും ഉൾപ്പെടുന്ന സങ്കേതത്തിന് കാവേരി -ലായ് മഹാദേശ്വര കടുവാസങ്കേതം (സിഎംടിആർ) എന്നായിരിക്കും ഔദ്യോഗിക പേര്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന വന്യജീവി സംരക്ഷണ ബോർഡ് വിശദമായ റിപ്പോർട്ട് ദേശീയ കടുവാസംരക്ഷണ അതോറിറ്റിക്ക് സമർപ്പിച്ചു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കടുവകൾ കാണപ്പെടുന്ന മേഖലകളിലൊന്നാണ് 906 ചതുരശ്ര കിലോമീറ്ററിലായുള്ള മാലൈ മഹാദേശ്വര മലനിരകൾ. ഈ പ്രദേശത്തെ കടുവാസങ്കേതമാക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വന്യജീവി സംരക്ഷണ ബോർഡിന്‍റെ പുതിയ തീരുമാനം.

സിഎംടിആർ യാഥാർഥ്യമായാൽ സംസ്ഥാനത്തെ വിസ്തീർണം കൂടിയ കടുവാസങ്കേതമാകും ഇത്. ബന്ദിപ്പുർ (872.24 ച.കി.മീ.), ഭദ്ര (500.16 ചകിമീ), നാഗർഹോളെ (643.39 ചകിമീ), ദണ്ഡേലി- അൻഷി (475.00 ചകിമീ), ബിആർടി (539.52 ച.കി.മീ.) എന്നിവയാണ് സംസ്ഥാനത്തെ മറ്റു കടുവാസങ്കേതങ്ങൾ. ഏറ്റവും പഴക്കമുള്ള കടുവാസങ്കേതമായ ബന്ദിപ്പുർ 1973ലാണ് സ്ഥാപിതമായത്. രാജ്യത്ത് കടുവകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്താണ് കർണാടക.