സൗജന്യ വൈഫൈ ഇനി 3500 കേന്ദ്രങ്ങളിൽ
Tuesday, January 22, 2019 12:20 AM IST
ബംഗളൂരു: നഗരത്തിലെ സൗജന്യ വൈഫൈ പദ്ധതി വിപുലമാക്കാൻ സർക്കാർ ഒരുങ്ങുന്നു. പുതുതായി 3,500 കേന്ദ്രങ്ങളിൽ സൗജന്യ വൈഫൈ സേവനം ഏർപ്പെടുത്താനാണ് തീരുമാനം. കഴിഞ്ഞ വർഷം ഗോവിന്ദരാജ നഗറിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച വൈഫൈ പദ്ധതി വിജയമാണെന്ന് കണ്ടതോടെയാണ് പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.

നഗരത്തിലെ 198 വാർഡുകളിലും സൗജന്യ വൈഫൈ സേവനം ലഭ്യമാക്കും. ഇതിനായി ആറു സ്വകാര്യ കമ്പനികളുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വൈഫൈ റൗട്ടറുകൾ സ്ഥാപിക്കുന്ന ജോലികളാണ് ഇനി ആരംഭിക്കാനുള്ളത്. നാലുമാസത്തിനുള്ളിൽ ഇവ പൂർത്തിയാക്കി ഇന്‍റർ‌നെറ്റ് സൗകര്യം നല്കുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു. ഓരോ റൗട്ടറിനും മൂന്നു കിലോമീറ്റർ പരിധിയിൽ ഇന്‍റർനെറ്റ് കണക്‌ഷൻ ലഭ്യമാകും.