ലാൽബാഗിൽ പുഷ്പവസന്തം ; ഇത്തവണ 'ഗാന്ധിയൻ' പുഷ്പമേള
Tuesday, January 22, 2019 12:23 AM IST
ബംഗളൂരു: ലാൽബാഗിൽ ആരംഭിച്ച 209-ാമത് പുഷ്പമേളയിൽ തിരക്കേറുന്നു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തുന്ന പുഷ്പമേള ഇത്തവണ വേറിട്ട കാഴ്ചകളാണ് സമ്മാനിക്കുന്നത്. മഹാത്മാഗാന്ധിയുടെ 150-ാം ജയന്തി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഗാന്ധിജിയാണ് പുഷ്പമേളയുടെ മുഖ്യപ്രമേയം. ലാൽബാഗിലെ ഗ്ലാസ്ഹൗസിൽ സ്ഥാപിച്ച 12 അടി ഉയരത്തിലുള്ള ഗാന്ധിപ്രതിമയാണ് മേളയുടെ പ്രധാന ആകർഷണം.

കൂടാതെ ലാൽബാഗിന്‍റെ മുന്നിലും പിന്നിലുമായി ഗുജറാത്തിലെ സബർമതി ആശ്രമത്തിന്‍റെയും ഡൽഹിയിലെ രാജ്ഘട്ടിന്‍റെയും പുഷ്പമാതൃകയും ഒരുക്കിയിട്ടുണ്ട്. 20 തൊഴിലാളികൾ ചേർ‌ന്ന് 15 ദിവസമെടുത്താണ് ആശ്രമം നിർമിച്ചത്. 2.4 ലക്ഷം ചുവന്ന റോസാപ്പൂക്കളും 3.2 ലക്ഷം ജമന്തിപ്പൂക്കളും 80,000 ഓറഞ്ച് റോസാപ്പൂക്കളും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഗാന്ധിപ്രതിമകളും ദണ്ഡിയാത്ര അടക്കം ഗാന്ധിജിയുടെ ജീവിതത്തിലെ 12 പ്രധാന സംഭവങ്ങളും പുഷ്പങ്ങൾ ഉപയോഗിച്ച് പുനരാവിഷ്കരിച്ചിട്ടുണ്ട്. പ്രമേയത്തിന്‍റെ പ്രത്യേകത കണക്കിലെടുത്ത് അപൂർവവും വ്യത്യസ്തവുമായ പൂക്കളാണ് പുഷ്പമേളയിൽ ഹോർട്ടികൾച്ചർ വകുപ്പ് ഉൾപ്പെടുത്തിയിരിക്കുന്നത്.