യൂറോപ്യൻ പൗരൻമാർക്ക് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം ബ്രിട്ടൻ റദ്ദാക്കി
Tuesday, January 22, 2019 10:00 PM IST
ലണ്ടൻ: ബ്രെക്സിറ്റിനു ശേഷം യുകെയിൽ തങ്ങാൻ യൂറോപ്യൻ യൂണിയൻ പൗരൻമാരിൽനിന്ന് 65 പൗണ്ട് ഫീസ് ഇടാക്കാനുള്ള തീരുമാനം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ റദ്ദാക്കി.

അയർലൻഡ് അതിർത്തിയുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയനിൽ നിന്ന് കൂടുതൽ ഇളവുകൾ നേടിയെടുക്കാൻ ശ്രമിക്കുമെന്നും അവർ വ്യക്തമാക്കി. പിൻമാറ്റ കരാർ ഭേദഗതി ചെയ്ത് പാർലമെന്‍റിൽ പാസാക്കിയെടുക്കാനുള്ള അവസാന വട്ട ശ്രമത്തിലാണ് തെരേസ ഇപ്പോൾ.

എന്നാൽ, കരാറില്ലാത്ത ബ്രെക്സിറ്റ് ഒഴിവാക്കും എന്നുറപ്പാക്കണമെന്ന ആവശ്യം അവർ ആവർത്തിച്ചു നിരാകരിച്ചു. പിൻമാറ്റ കരാർ അംഗീകരിക്കപ്പെട്ടില്ലെങ്കിൽ കരാറില്ലാത്ത ബ്രെക്സിറ്റുമായി മുന്നോട്ടു പോകുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണവർ.

ബ്രെക്സിറ്റ് ആവശ്യമാണോ എന്നറിയാൻ ഒരു ഹിതപരിശോധന കൂടി നടത്തണമെന്ന ആവശ്യവും പ്രധാമന്ത്രി തള്ളി. ഇങ്ങനെയൊന്നു നടത്തുന്നത് യുകെയുടെ സാമൂഹിക ഐക്യത്തെ ബാധിക്കുമെന്ന് അവർ മുന്നറിയിപ്പു നൽകുന്നു.

എന്നാൽ, താൻ മുന്നോട്ടു വച്ച ബ്രെക്സിറ്റ് പിൻമാറ്റ കരാർ നേരിടുന്ന എതിർപ്പിന്‍റെ യഥാർഥ ആഴവും വ്യാപ്തിയും പ്രധാനമന്ത്രി തിരിച്ചറിയാൻ ശ്രമിക്കുന്നില്ലെന്നാണ് അവരുടെ പാർട്ടിയിലെ വിമതരുടെയും പ്രതിപക്ഷത്തിന്‍റെയും ആരോപണം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ