ഇറ്റലിയിൽ ഒരു യൂറോയ്ക്ക് വീട്; സിസിലിയൻ ഗ്രാമത്തിലേക്ക് ജനപ്രവാഹം
Tuesday, January 22, 2019 10:20 PM IST
റോം: ഇറ്റലിയിലെ ഒരു ഗ്രാമത്തിൽ ഒരു യൂറോയ്ക്ക് വീടുകൾ വിൽക്കുന്നു എന്ന പരസ്യത്തെത്തുടർന്ന് വീട് വാങ്ങാൻ ആളുകളുടെ തിക്കിത്തിരക്ക്. പരസ്യത്തിനു കിട്ടിയ പ്രതികരണം അന്പരപ്പിക്കുന്നതായിരുന്നു എന്ന് സിസിലിയൻ മലമുകളിലെ സാംബുക പട്ടണത്തിന്‍റെ അധികൃതർ.

പ്രദേശം തീരെ ആൾത്താമസമില്ലാതായി മാറുന്ന സാഹചര്യത്തിലാണ് അധികൃതർ ചില വീടുകൾ ഒരു യൂറോയ്ക്ക് വിൽക്കാൻ തീരുമാനിച്ചതും ഇത്തരത്തിൽ പരസ്യം കൊടുത്തതും. വില ഒരു യൂറോ മാത്രമാണെങ്കിലും 5000 യൂറോ സെക്യൂരിറ്റി നിക്ഷേപം നൽകണം. വീട് അറ്റകുറ്റപ്പണി നടത്താൻ കുറഞ്ഞത് 15,000 യൂറോ ചെലവാക്കുകയും വേണം. എന്നാൽ, ഇതൊന്നും വീടു വാങ്ങാൻ വരുന്നവരെ പിന്തിരിപ്പിക്കുന്ന ഘടകങ്ങളല്ല.

സിഎൻഎൻ ട്രാവൽ ചാനലിൽ വീടു വിൽപന വാർത്തയായതോടെയാണ് ഇങ്ങോട്ട് ജനപ്രവാഹം തുടങ്ങിയത്. അന്താരാഷ്ട്ര തലത്തിൽനിന്നു പോലും അന്വേഷണങ്ങൾ വന്നു തുടങ്ങി. പതിനായിരക്കണക്കിന് ഇമെയ് ലുകളും ഫോണുകളും വന്നു തുടങ്ങിയതോടെ കുറേ ദിവസത്തേക്ക് തനിക്ക് ഉറങ്ങാൻ പോലും കഴിയുന്നില്ലായിരുന്നുവെന്ന് നഗരത്തിന്‍റെ ഡെപ്യൂട്ടി മേയർ പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ