ബ്രദർ വിൻസെന്‍റ് കൊച്ചാംകുന്നേൽ സെന്‍റ് ജോൺ ഓഫ് ഗോഡ് ജനറൽ കൗൺസിലർ
Wednesday, January 30, 2019 6:37 PM IST
ബ്രിസ്ബേൻ: ബ്രദേഴ്സ് ഓഫ് സെന്‍റ് ജോൺ ഓഫ് ഗോഡ് ജനറൽ കൗൺസിലിലേക്ക് മലയാളിയായ ബ്രദർ വിൻസെന്‍റ് കൊച്ചാംകുന്നേൽ തെരഞ്ഞടുക്കപ്പെട്ടു. റോമിൽ ആരംഭിച്ച ജനറൽ ചാപ്റ്ററാണ് സുപ്പീരിയർ ജനറലിനേയും ആറംഗ ജനറൽ കൗൺസിലിനേയും തെരഞ്ഞെടുത്തത്.

സ്പെയിനിൽനിന്നുള്ള ഫാ. ജീസസ് എട്ടായോ ആണ് പുതിയ സുപ്പീരിയർ ജനറൽ. അമേരിക്ക, യൂറോപ്പ്, ഏഷ്യ, പസഫിക്ക്, ആഫ്രിക്ക റീജണുകളെയാണ് ജനറൽ കൗൺസിലർമാർ പ്രതിനിധീകരിക്കുന്നത്.

ബ്രദർ വിൻസെന്‍റ് മൂന്നാം തവണയാണ് ജനറൽ കൗൺസിൽ പദവിയിലെത്തുന്നത്. 2000-12 കാലയളവിൽ ആഗോളതലത്തിലുള്ള മിഷൻ മിഷൻ പ്രവർത്തനങ്ങളുടെ ചുമതലയുള്ള കൗൺസിലറായി ബ്രദർ വിൻസെന്‍റ് പ്രവർത്തിച്ചിട്ടുണ്ട്.

കോട്ടയം മറ്റക്കര കൊച്ചാംകുന്നേൽ പരേതനായ മത്തായി- മറിയാമ്മ ദന്പതികളുടെ ഏഴു മക്കളിൽ അഞ്ചാമനാണ് വിൻസെന്‍റ്. കട്ടപ്പന സെന്‍റ് ജോൺസ് ഹോസ്പിറ്റലിന്‍റെ ഡയറക്ടറായി ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോട്ടയം വെള്ളൂർ സെന്‍റ് ജോൺ ഓഫ് ഗോഡ് സെന്‍റർ സൂപ്പീരിയറും സെപ്ഷൽ സ്കൂൾ ഡയറക്ടറുമാണ്.

ഇന്ത്യയിൽ 1969 ൽ കട്ടപ്പനയിലാണ് സെന്‍റ് ജോൺ ഓഫ് ഗോഡ് ബ്രദേഴ്സ് പ്രവർത്തനം ആരംഭിക്കുന്നത്. ആഗോളതലത്തിൽ ആരോഗ്യ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഈ സമൂഹം ഇന്ത്യയിൽ അഞ്ചു സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
ദൈവദാസൻ പദവിയിലേക്ക് ഉയർത്തപ്പെട്ട ബ്രദർ ഫോർത്തുനാത്തൂസ് ആണ് ഇന്ത്യയിലെ സഭാ സ്ഥാപകൻ.

റിപ്പോർട്ട്: തോമസ് ടി. ഓണാട്ട്