ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിന് റിപ്പോർട്ട് കൈമാറി
Saturday, February 2, 2019 9:36 PM IST
ബംഗളൂരു: സംസ്ഥാനത്തെ മലിനീകരണം രൂക്ഷമായ 17 നദികളുടെ നവീകരണത്തിന് 599 കോടി രൂപ കൂടി വേണമെന്ന് നദീ പുനരുദ്ധാരണ സമിതി. നദികളുടെ നവീകരണത്തിനായി നേരത്തെ സംസ്ഥാന സർക്കാർ 828 കോടി അനുവദിച്ചിരുന്നു. ഇതിനു പുറമേ ആണ് സമിതി 599 കോടി കൂടി ആവശ്യപ്പെട്ടത്. മലിനീകരണം രൂക്ഷമായ അർ‌ക്കാവതി നദിയുടെ നവീകരണത്തിനായി മാത്രം 553 കോടി ആണ് സർക്കാർ അനുവദിച്ചിരുന്നത്. അർക്കാവതിക്കായി ഒമ്പതു കോടി രൂപ കൂടി അധികമായി വേണമെന്നും സമിതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിനു കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബറിലാണ് രാജ്യത്തെ നദികളുടെ മലിനീകരണം സംബന്ധിച്ച് ദേശീയ ഹരിതട്രൈബ്യൂണൽ സുപ്രധാനമായ ഇടപെടൽ നടത്തിയത്. രാജ്യത്തെ 351 നദികൾ മലിനമാണെന്നു കണ്ടെത്തിയ ട്രൈബ്യൂണൽ അവ നവീകരിക്കാൻ അതത് സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നല്കുകയായിരുന്നു. നവീകരണ പ്രവർത്തനങ്ങൾക്കായി നദീ പുനരുദ്ധാരണ സമിതി രൂപീകരിക്കാനും നിർദേശമുണ്ടായിരുന്നു.

കർണാടകയിലെ കാവേരി, കബനി, തുംഗഭദ്ര, മാലപ്രഭ ഉൾപ്പെടെയുള്ള 17 നദികൾ അതീവമലിനമാണെന്ന് ട്രൈബ്യൂണൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ തന്നെ കർണാടകയിലെ നദികളുടെ നവീകരണ പദ്ധതി സംബന്ധിച്ച് ട്രൈബ്യൂണലിന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അത് പൂർണമല്ലെന്നു ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു. തുടർന്നാണ് വീണ്ടും റിപ്പോർട്ട് നല്കിയത്. ട്രൈബ്യൂണലിന്‍റെ അംഗീകാരം ലഭിച്ചതിനു ശേഷം നവീകരണപദ്ധതിക്ക് തുടക്കമിടും.