മെൽബൺ സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷനിൽ വൈദിക മന്ദിരം ആശിർവാദം ചെയ്തു
Tuesday, February 5, 2019 7:29 PM IST
മെൽബൺ: സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷനിലെ പുതിയ വൈദിക മന്ദിരത്തിന്‍റെ ആശിർവാദ കർമം മാർ ബോസ്കോ പുത്തൂർ നിർവഹിച്ചു. ഫെബ്രുവരി 3 ന് സെന്‍റ് മാത്യൂസ് ചർച് ഫോക്‌നറിൽ മാർ ബോസ്കോ പുത്തൂരിന്‍റെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെട്ട വിശുദ്ധ കുർബാനയോടു കൂടി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.

പുതിയ ചാപ്ലിയനായി നിയമിതനായ ഫാ. പ്രിൻസിന് സ്വീകരണം നൽകുകയും എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടര വർഷക്കാലം മിഷന് നേതൃത്വം നൽകിയ ഫാ. തോമസ് കുമ്പുക്കലിനെ നന്ദിയോടെ ഓർക്കുകയും ചെയ്തു.

വിശുദ്ധ കുർബാനയ്ക്കുശേഷം ജനുവരി 31 ന് നാമഹേതുക തിരുനാൾ ആഘോഷിച്ച ബോസ്കോ പിതാവിന് ആശംസകൾ നേരുകയും കേക്ക് മുറിച്ച് സ്നേഹം പങ്കുവയ്ക്കുകയും ചെയ്തു. തുടർന്നു പുതിയ വൈദിക മന്ദിരത്തിന്‍റെ ആശിർവാദവും നടന്നു. വികാരി ജനറൽ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, ഫാ. മാർട്ടിൻ, ഫാ. വർഗീസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സ്നേഹവിരുന്നോടു കൂടി പരിപാടികൾ സമാപിച്ചു.

കൈക്കാരന്മാരായ ആന്‍റണി പ്ലാക്കൂട്ടത്തിൽ, ഷിനു ജോൺ, സെക്രട്ടറി ഷിജു കുരുവിള, മറ്റു പാരിഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സോളമൻ ജോർജ്