ഡബ്ലിൻ സീറോ മലബാർ യൂത്ത് മൂവ്മെന്‍റിന്‍റെ ആദ്യ സെനറ്റ് യോഗം "ലീഡ് 2019' ഫെബ്രുവരി 9 ന്
Wednesday, February 6, 2019 10:02 PM IST
ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ യൂത്ത് മൂവ്മെൻ്റിൻ്റെ (എസ്എംവൈഎം) ആദ്യ സെനറ്റ് LEAD -’19, ഫെബ്രുവരി 9 ന് (ശനി) രാവിലെ 10 ന് റിയാൽട്ടോയിലുള്ള സെന്‍റ് തോമസ് പാസ്റ്റർ സെന്‍ററിൽ നടക്കും. സീറോ മലബാർ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉദ്ഘാടനം നിർവഹിക്കും.

‘ഒരു നവലോക നിർമിതിക്കായി യുവജനങ്ങൾ യേശുവിനൊപ്പം’ എന്ന ആശയവുമായി സീറോ മലബാർ സഭയിൽ ആരംഭിച്ച സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് (SMYM) ഡബ്ലിനിലെ എല്ലാ കുർബാന സെന്‍ററുകളിലും ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. അയർലൻഡിലെ സീറോ മലബാർ സഭാ വിശ്വാസികളായ ട്രാൻസിഷൻ ഇയർ മുതൽ വിവാഹിതരല്ലാത്ത 35 വയസ് വരെ പ്രായമുള്ള യുവജനങ്ങളാണ് SMYM അംഗങ്ങൾ.

വിശ്വാസ ജീവിതത്തിലതിഷ്ഠിതമായ നല്ല നേതൃത്വപാടവമുള്ള, ദിശാബോധമുള്ള യുവജനങ്ങളെ വാർത്തെടുക്കുവാൻ വിവിധതരത്തിലുള്ള കർമ പരിപാടികളാണു SMYM രൂപം നൽകിയിട്ടുള്ളത്. ഇതിനു നേതൃത്വം നൽകാനുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക, അടുത്ത വർഷത്തേയ്ക്കൂള്ള പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുക എന്നിവയാണ് സെനറ്റ് യോഗത്തിന്‍റെ മുഖ്യ അജണ്ട.

വിവിധ കുർബാന സെന്‍ററുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന എക്സികൂട്ടീവ് ഭാരവാഹികളും ആനിമേറ്റേഴ്സും പങ്കെടുക്കുന്ന സെനറ്റ് യോഗത്തിന് SMYM ഡയറക്ടർ ഫാ. രാജേഷ് മേച്ചിറാകത്ത്, സീറോ മലാബാർ ചാപ്ലിന്മാരായ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ, ഫാ. റോയ് വട്ടക്കാട്ട്, ഡബ്ലിൻ SMYM ആനിമേറ്റേഴ്സ് ജയൻ മുകളേൽ, ലിജിമോൾ ലിജോ എന്നിവർ നേതൃത്വം നൽകും.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ