ഓസ്ട്രിയയില്‍ ഫാമിലി ബോണസ് ഈ മാസം മുതല്‍
Friday, February 8, 2019 7:28 PM IST
വിയന്ന: കുടുംബ ക്ഷേമ പദ്ധതിയുടെ ഭാഗമായുള്ള ഓസ്ട്രിയന്‍ സര്‍ക്കാര്‍ നല്‍കി വരുന്ന ഫാമിലി ബോണസ് ഇന്നു മുതല്‍ രാജ്യത്ത് താമസമാക്കിയവര്‍ക്ക് ലഭിച്ചു തുടങ്ങും. എന്നാല്‍ ഈ പണം ഓട്ടോമാറ്റിക്കായി അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നതിനു പകരം അതാത് മാതാപിതാക്കള്‍ നേരിട്ട് അപേക്ഷ നല്‍കണം.

ധനകാര്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് E30 എന്ന അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഒപ്പിട്ട് അതാത് തൊഴിലുടമകള്‍ക്ക് ജോലി സ്ഥാപനങ്ങളില്‍ നല്‍കണം. പൂര്‍ണമായി പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ നിരസിക്കുവാന്‍ തൊഴില്‍ സ്ഥാപനത്തിനവകാശമില്ല. തൊട്ടടുത്ത ദിവസം തന്നെ ഇത് ലഭ്യമായിത്തുടങ്ങും.

ഒരിക്കല്‍ അപേക്ഷിച്ചാല്‍ തൊട്ടടുത്ത മാസങ്ങളില്‍ ഫാമിലി ബോണസ് ലഭ്യമായി തുടങ്ങും. കുട്ടികള്‍ക്ക് 18 വയസാണെങ്കില്‍ ഫാമിലി ബോണസ് 500 യൂറോ മാത്രമായിരിക്കും ലഭിക്കുക.

രണ്ടാമത്തെ രീതി അനുസരിച്ച് ടാക്സ് റിട്ടേണിന് അപേക്ഷ നല്‍കുമ്പോള്‍ ഫാമിലി ബോണസിന് അപേക്ഷിക്കാം. ഇത് ഗഡുക്കളായോ ഒന്നിച്ചോ അപേക്ഷകരുടെ താല്പര്യപ്രകാരം ലഭ്യമാക്കും.

ആര്‍ക്കൊക്കെയാണ് ഫാമിലി ബോണസിന് അപേക്ഷ നല്കാവുന്നത് എന്നതും ധനകാര്യ മന്ത്രാലയത്തിന്‍റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. മാതാപിതാക്കളില്‍ ഒരാള്‍ക്ക് ഒറ്റയ്ക്ക് 1500 യൂറോയോ അഥവാ രണ്ടുപേര്‍ക്കും തുല്യമായി, അതായത് 50 : 50 എന്ന അനുപാതത്തിലോ ലഭിക്കും.

ഇനി വേര്‍പിരിഞ്ഞ് താമസിക്കുന്ന മാതാപിതാക്കന്മാരില്‍ ജീവനാംശം (മെയിന്‍റനന്‍സ് തുക) നല്‍കുന്നവര്‍ക്കും ഇതിനപേക്ഷിക്കാം. മെയിന്‍റനന്‍സ് നല്‍കാത്ത മാതാപിതാക്കന്മാര്‍ക്ക് ഇതപേക്ഷിക്കാനുള്ള യോഗ്യത ഇല്ലാതാകും.

പുതിയ പങ്കാളികള്‍ക്കും ഫാമിലി ബോണസിന് അപേക്ഷിക്കാം. കുറഞ്ഞ വരുമാനക്കാര്‍ക്കും ഒറ്റയ്ക്ക് താമസിക്കുന്ന മാതാപിതാക്കന്മാര്‍ക്കും ടാക്സ് ബോണസിന് പകരം ചൈല്‍ഡ് ബോണസ് ലഭിക്കും.

റിപ്പോർട്ട്: ഷിജി ചീരംവേലില്‍