ജർമനിയിൽ നികുതി വരുമാനം 25 ബില്യൺ കുറയും
Saturday, February 9, 2019 9:23 PM IST
ബർലിൻ: ജർമനിയിലെ നികുതി വരുമാനം 2023 ആകുന്നതോടെ 25 ബില്യൺ യൂറോയുടെ കുറവു വരുമെന്ന് ധനമന്ത്രി ഒലാഫ് ഷോൾസിന്‍റെ മുന്നറിയിപ്പ്. ജർമനി നേരിടുന്ന സാന്പത്തിക മാന്ദ്യത്തിന്‍റെ ലക്ഷണങ്ങളിലൊന്നായാണ് ഇതു വിലയിരുത്തപ്പെടുന്നത്. സംസ്ഥാന ഖജനാവുകളെയാണ് നികുതി വരുമാനത്തിലെ കുറവ് ഏറ്റവുമധികം ബാധിക്കാൻ പോകുന്നതെന്നും വിലയിരുത്തൽ.

2018ലേതിനെ അപേക്ഷിച്ച് കുറഞ്ഞ വരുമാനമായിരിക്കും പൊതു ബജറ്റിൽ പ്രതീക്ഷിക്കുന്നത്. വളർച്ചാ നിരക്കിലും കുറവ് വരുമെന്നാണ് കണക്കാക്കുന്നത്.

ബജറ്റിൽ മിച്ചം കാണിച്ച വർഷമായിരുന്നു 2018. എന്നാൽ, ഇതു ഭാവിക്കു ഗുണം ചെയ്യുന്നില്ലെന്നാണ് ഇപ്പോഴത്തെ സാന്പത്തിക നില നൽകുന്ന സൂചന.

സാന്പത്തിക വിഷയങ്ങളിലുള്ള മുന്നറിയിപ്പുകൾ മന്ത്രിസഭയിലെ സഹപ്രവർത്തകർക്കായാണ് ഷോൾസ് നൽകിയിരിക്കുന്നത്. അവരവരുടെ മന്ത്രാലയങ്ങളുടെ പ്രവർത്തനങ്ങളിലും ബജറ്റിലും അതനുസരിച്ചുള്ള മാറ്റം വരുത്തുന്നതിനാണ് ഈ മുന്നറിയിപ്പ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ